ബി.ജെ.പിയുടെ അമിതപ്രതീക്ഷ തകരുന്നു; യു.പിയിലും ബിഹാറിലും പ്രതിപക്ഷ മുന്നേറ്റം 

ലഖ്‌നൗ- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്താനാകുമെന്ന ബി.ജെ.പിയുടെ അമിത പ്രതീക്ഷക്ക് കനത്ത തിരിച്ചടി നല്‍കി ഉത്തര്‍പ്രദേശും ബിഹാറും.  ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചുകൊണ്ടാണ് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ പിന്തുണയോടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ മുന്നേറ്റം. 
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ പിന്നിലാണ്. ഗോരഖ്പൂരില്‍ എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 22,954 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. 25 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം 3,77,146 വോട്ടും ബി.ജെ.പിയിലെ ഉപേന്ദ്ര ദത്ത് ശുക്ല 3,54,192 വോട്ടും കരസ്ഥമാക്കി. 
ബിഹാറില്‍ ഉപതെരഞ്ഞെടുപ്പു നടന്ന അരാരിയ ലോക്‌സഭാ മണ്ഡലത്തിലും ബിജെപി സഖ്യം പിന്നിലാണ്. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ ബാബുവയില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണിയും ജെഹനാബാദില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി കുമാര്‍ കൃഷ്ണ മോഹനും ജയിച്ചു.

Latest News