കണ്ണൂർ സർവകലാശാല ബി.എ ഇംഗ്ലീഷ്; കാലിക്കറ്റ് അംഗീകരിക്കുന്നില്ലെന്ന്

തലശ്ശേരി- വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ കണ്ണൂർ സർവകലാശാല നടത്തുന്ന ബി.എ ഇംഗ്ലീഷ് ബിരുദം കാലിക്കറ്റ് സർവകലാശാല അംഗീകരിക്കാത്തത്  ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളെ വട്ടം കറക്കുന്നു. യൂനിവേഴ്‌സിറ്റി നിർദേശിച്ച പിഴത്തുക ഉൾപ്പെടെ ഫീസടച്ച് രജിസ്റ്റർ ചെയ്തുവെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്നാണ് പ്രൈവറ്റ് കോളേജിൽ പഠിച്ച   പി.ജി വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്.  
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ യൂനിവേഴ്‌സിറ്റി അധികൃതർ അയഞ്ഞെങ്കിലും വ്യക്തമായ വിവരം നൽകാത്തതിനാൽ രജിസ്‌ട്രേഷൻ സാധുവാണെന്ന് പോലും ഇതേ വരെ അറിഞ്ഞില്ലെന്ന് വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
വിദൂര വിദ്യാഭ്യാസ രീതിയിൽ പഠിച്ച മറ്റു വിദ്യാർഥികൾക്ക് പരീക്ഷയുടെ അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. ഐ.ഡി കാർഡ് ഇതേവരെ ലഭിക്കാത്തതിനാൽ പരീക്ഷാ ഫീസടയ്ക്കാനും വഴിയില്ലെന്ന് ഇവർ പറഞ്ഞു. 
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ നിഷേധാത്മക നയം കാരണം വിദ്യാർത്ഥി ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങളും ഫീസടച്ച പണവും നഷ്ടപ്പെട്ടതായി  എ.കെ.റിദ്യാ ബാബുവും  കെ.നിവേദ്യയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ   വി.ഷോണിമാ മോഹൻ,  കെ.എം.ശിൽപ എന്നിവരും പങ്കെടുത്തു.

Latest News