എതിർക്കുന്നവരെയും ബഹുമാനിക്കുന്നതാണ് കോൺഗ്രസ് രീതി -രാഹുൽഗാന്ധി

കൽപറ്റ- എതിർക്കുന്നവരെയും ബഹുമാനിക്കുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നു രാഹുൽഗാന്ധി എം.പി. പുതിയ സ്റ്റാന്റ് പരിസരത്തു ടി. സിദ്ദീഖ് എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടപ്പെടാത്തതു പറയുന്നവരെ ഉപദ്രവിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. സ്നേഹവും സാഹോദര്യവുമാണ് പ്രശ്‌നങ്ങൾ നേരിടുന്നതിൽ പാർട്ടിയുടെ പ്രധാന ആയുധങ്ങൾ. വയനാട്ടിലെ ജനങ്ങൾ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. വായ്പ കുടിശ്ശികയാക്കിയ അനേകം കർഷകർക്കു ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിരിക്കയാണ്. കർഷകർക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലേക്കും പ്രസരിക്കും. ഗുരുതരമായ സാഹചര്യങ്ങളാണ് രാജ്യത്തു നിലനിൽക്കുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി അപാകതകൾ, കോവിഡ് നിയന്ത്രണത്തിലെ പോരായ്മകൾ തുടങ്ങിയവ ജനങ്ങളെ പ്രതിസന്ധിയിലാക്കി.
കൽപറ്റയിലെ എം.എൽ.എ ഓഫീസ് ജനങ്ങളുടെ ഏതു പ്രശ്‌നവും പരിഹരിക്കുന്ന ഇടമായി മാറണം. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതും ആശയങ്ങൾ പ്രചരിപ്പിക്കുന്നതുമാകണം ഓരോ ഓഫീസും. കോൺഗ്രസുമായി ബന്ധപ്പെട്ട ഓഫീസുകൾ സി.പി.എമ്മിന്റെയും ആർ.എസ്.എസിന്റെയും ഓഫീസുകൾ പോലെയാകരുതെന്നും എം.പി പറഞ്ഞു. 
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, എം.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, പി.എം. നിയാസ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.പി.എ കരീം, കെ.കെ. അഹമ്മദ് ഹാജി, പി.പി. ആലി, ടി.ജെ. ഐസക്, മുജീബ് കേയംതൊടി, സംഷാദ് മരക്കാർ, നസീമ ടീച്ചർ, കെ. അജിത, ഷംസുദ്ദീൻ നെല്ലറ, ഡോ. ഷാനവാസ്, ബഷീർ മൂപ്പൻ, ജോസഫ് ഇ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 

Latest News