Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന ശ്രീ

അഭിനയിച്ച ആദ്യചിത്രത്തിലൂടെ സംസ്ഥാന അവാർഡ് കൈപ്പിടിയിലാക്കിയ അഭിനേത്രിയാണ് ശ്രീരേഖ. ഷെയിൻ നിഗം നായകനായ വെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ഈ ആലപ്പുഴക്കാരിയെ തേടിയെത്തിയത്. കൊച്ചിയിൽ സൈക്കോളജിസ്റ്റായി ജോലി നോക്കുന്നതിനിടയിൽ അവിചാരിതമായാണ് സിനിമയിലേയ്ക്കുള്ള അവസരം ശ്രീരേഖയ്ക്കു വന്നുചേർന്നത്. ടിക് ടോക് വീഡിയോയിലൂടെ സാമൂഹമാധ്യമങ്ങളിൽ സുപരിചിതയായ ശ്രീരേഖയുടെ വീഡിയോകൾ കണ്ടാണ് നവാഗത സംവിധായകൻ ശരത് മേനോൻ വെയിൽ എന്ന ചിത്രത്തിലെ രണ്ടു മക്കളുടെ അമ്മയായ രാധയെ അവതരിപ്പിക്കാൻ ക്ഷണിച്ചത്.
തൃശൂർ കൊരട്ടിക്കടുത്തുള്ള കോന്നൂരിലാണ് ശ്രീരേഖയുടെ ഇപ്പോഴത്തെ വാസം. തങ്ങളുടെ നാട്ടുകാരിക്ക് അവാർഡ് ലഭിച്ചതറിഞ്ഞ് ആ ഗ്രാമം ആഹ്ലാദത്തിമിർപ്പിലാണ്. റോഡുവക്കിലും കവലകളിലുമെല്ലാം അനുമോദനങ്ങൾ അർപ്പിച്ചുള്ള ഫഌക്‌സ് ബോർഡുകൾ നിറഞ്ഞിരിക്കുന്നു. ആ സന്തോഷത്തിലാണ് ശ്രീരേഖ ആദ്യചിത്രത്തിലെ വിശേഷങ്ങൾ പങ്കുവച്ചത്.

വെയിൽ എന്ന ചിത്രത്തെക്കുറിച്ച്?
രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് വെയിൽ പുറത്തിറങ്ങിയത്. ഷെയിൻ നിഗത്തിന്റെ അമ്മയായാണ് ഞാൻ വേഷമിട്ടത്. വളരെ നാച്വറലായി അഭിനയിക്കുന്ന നടനാണ് ഷെയിൻ. അതേ നാച്വറാലിറ്റി ഈ ചിത്രത്തിലും കാണാൻ കഴിയും. ഷെയിനിനോടൊപ്പം ഒരു മുഴുനീള കഥാപാത്രമായി അഭിനയിക്കുക എന്നത് ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. 
ഇന്നത്തെ കാലത്തെ കുടുംബബന്ധങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. അന്യംനിന്നു പോകുന്ന കുടുംബബന്ധങ്ങളാണ് ഇന്നുള്ളത്. നമുക്ക് വീട്ടിൽപോലും സംസാരിക്കാൻ നേരമില്ല. നമ്മുടെ അമ്മമാരോടും അച്ഛന്മാരോടും സംസാരിക്കാൻ സമയമില്ല. നമുക്ക് നമ്മളിൽതന്നെ വിശ്വാസമില്ലാത്തപ്പോൾ എല്ലാ ബന്ധങ്ങളും അകന്നുപോവുകയാണ്. അത് ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ ചിത്രമാണ് വെയിൽ. വലിയ മേനിയൊന്നും പറയാനില്ലെങ്കിലും നല്ലൊരു കുടുംബചിത്രമാണിത്.

ചിത്രത്തിലേയ്ക്കുള്ള എൻട്രി?
ടിക് ടോക്ക് വഴിയാണ് ഈ ചിത്രത്തിലേയ്ക്കു കടന്നുവരുന്നത്. ടിക് ടോക് നിരോധിക്കുന്നതുവരെ സജീവമായിരുന്നു. സ്വന്തമായി സ്‌ക്രിപ്‌റ്റെഴുതി ശബ്ദം നൽകിയാണ് അഭിനയിച്ചിരുന്നത്. ടിക് ടോക്കിലുള്ള എന്റെ വീഡിയോകൾ കണ്ടാണ് ഈ ചിത്രത്തിലേയ്ക്കു വിളിക്കുന്നത്. ശരത് ഇൻസ്റ്റഗ്രാമിൽ ഒരു സന്ദേശമയയ്ക്കുകയായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുമായിരുന്നു അന്വേഷണം. സംഗതി സത്യമാണെന്ന് അറിയാത്തതിനാൽ പ്രതികരിച്ചില്ല. പിന്നീട് എന്റെ നമ്പർ തേടിപ്പിടിച്ച് വിളിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയുടെ വേഷമാണെന്നു പറഞ്ഞപ്പോൾ രണ്ടു കൊച്ചുകുട്ടികളുടെ അമ്മയാണെന്നാണ് കരുതിയത്. വന്നപ്പോഴാണ് രണ്ട് വലിയ മക്കളുടെ അമ്മയാണെന്നു മനസ്സിലായത്. പിന്നീട് ഇരിങ്ങാലക്കുടയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിപ്പിച്ചു. അവിടെവച്ച് ഒരു സീൻ അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. അത് ശരിയായതോടെയാണ് കഥാപാത്രത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയത്. രണ്ടു മക്കളുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം നമുക്കു ചുറ്റുമുള്ള ഓരോ അമ്മമാരും ഓരോ സ്വഭാവസവിശേഷതയുള്ളവരായിരിക്കും. മാത്രമല്ല, ടിക് ടോക്കിൽ ഞാൻ കൂടുതലും ചെയ്തിട്ടുള്ളത് അമ്മമാരുടെ വേഷമാണ്. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷെയിൻ നിഗത്തിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നി. മാത്രമല്ല, നവാഗത സംവിധായകനാണെങ്കിലും ശരത് തികഞ്ഞ കൈയടക്കത്തോടെയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് എന്നതും സന്തോഷം പകരുന്നു.

അമ്മവേഷം എങ്ങനെ അനായാസമാക്കി?
ഷെയ്‌നിന്റെ പ്ലസ് ടു കാലംതൊട്ട് മുപ്പതു വയസ്സുവരെയുള്ള കാലത്തെ അമ്മയെയാണ് അവതരിപ്പിച്ചത്. അമ്മയുടെ പ്രായത്തിലും ഈ വളർച്ചയുണ്ടായിരുന്നു. അതിനായി നന്നായി പരിശ്രമിക്കേണ്ടിവന്നു. ചെറുപ്പക്കാരിയെങ്കിലും അമ്മയുടെ വയസ്സ് തോന്നിക്കുന്ന ശരീരപ്രകൃതിയാണ് വേണ്ടതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. അതിനായുള്ള പരിശ്രമങ്ങളാണ് പിന്നീട് നടന്നത്. ഫാസ്റ്റ് ഫുഡും ഐസ് ക്രീമും ചോക്ലേറ്റുമെല്ലാം കഴിച്ച് വണ്ണംകൂട്ടി. പതിനെട്ടു കിലോയാണ് ഭാരം കൂട്ടിയത്. പിന്നീട് അമ്പതു വയസ്സുള്ള സ്ത്രീകളുടെ ശരീരഭാഷയും രീതികളുമെല്ലാം പഠിച്ചെടുത്തു. എന്റെ സൈക്കോളജി ക്ലിനിക്കിൽ കൗൺസലിംഗിന് എത്തുന്ന സ്ത്രീകളിൽനിന്നാണ് അവരുടെ മാനറിസങ്ങൾ മനസ്സിലാക്കിയെടുത്തത്.

അവാർഡ് പ്രതീക്ഷിച്ചിരുന്നോ?
അവാർഡിനെക്കുറിച്ചൊന്നും ചിന്തിച്ചതേയില്ല. തിയേറ്ററിലെത്തിയതിനുശേഷമാണ് ഞാൻ സിനിമ കണ്ടത്. ഈ ചെറുപ്രായത്തിൽ അമ്മയുടെ വേഷം പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്റെ അഭിനയം എങ്ങനെയുണ്ടാവുമെന്നും അറിയില്ലായിരുന്നു. ചിത്രം സംസ്ഥാന അവാർഡിന് അയയ്ക്കുന്നുണ്ടെന്ന് ഒരു ദിവസം സംവിധായകൻ വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിനുമുമ്പേ അവാർഡൊന്നും കിട്ടില്ലെന്നായിരുന്നു എന്റെ ധാരണ.

അവാർഡ് പ്രഖ്യാപനം ഞെട്ടിച്ചോ?
ശരിക്കും ഞെട്ടിച്ചുകളഞ്ഞു. കേരളമാകെ കാറ്റും മഴയും നിറഞ്ഞ ഒരു സായാഹ്നത്തിലായിരുന്നു അവാർഡ് പ്രഖ്യാപനം. നല്ല മഴയായതുകൊണ്ട് ടെലിവിഷൻ കേബിൾ തകരാറിലായിരുന്നു. നാട്ടിൽനിന്നും അമ്മയാണ് വിളിച്ച് എന്റെ പേര് ടി.വിയിൽ സ്‌ക്രോൾ ചെയ്യുന്നുണ്ടെന്നു പറഞ്ഞത്. തുടർന്ന് സംവിധായകൻ ശരതിന്റെ ഭാര്യ വിളിച്ച് അവാർഡ് ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു. വിശ്വാസം വരാതെ ഭർത്താവിന്റെ ബന്ധുക്കളെ വിളിച്ചു. അവരാണ് സ്‌ക്രീൻ ഷോട്ട് അയച്ചുതന്നത്.

കലാരംഗത്ത് സജീവമായിരുന്നോ?
ചേർത്തല തണ്ണീർമുക്കം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലും പഠനം തുടർന്നു. അണ്ണാമലൈ യൂനിവേഴ്‌സിറ്റിയിൽനിന്നാണ് സൈക്കോളജിയിൽ പി.ജിയെടുത്തത്. സ്‌കൂൾ കലോത്സവങ്ങളിലും യൂനിവേഴ്‌സിറ്റി കലോത്സവങ്ങളിലും സജീവമായിരുന്നു. കഥാപ്രസംഗത്തിലും മോണോ ആക്ടിലും കവിതാപാരായണത്തിലുമെല്ലാം പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. കുട്ടിക്കാലത്ത് ചില പരമ്പരകളിൽ വേഷമിട്ടിരുന്നെങ്കിലും പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ടിക് ടോക്കിൽനിന്നും ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ?
സത്യത്തിൽ നല്ല പേടിയുണ്ടായിരുന്നു. ആദ്യമായി സ്റ്റേജിൽ കയറുമ്പോഴുണ്ടാകുന്ന പേടി ക്യാമറയ്ക്കു മുന്നിലെത്തിയപ്പോഴും ഉണ്ടായിരുന്നു. എന്നാൽ അധികസമയം വേണ്ടിവന്നില്ല. സംഭവം ഓക്കെയായി. അതിന് സഹായിച്ചത് ടിക് ടോക് വീഡിയോയിൽ അഭിനയിച്ച പരിചയമായിരുന്നു. ഒട്ടേറെ കലാകാരന്മാരുടെ വേദിയായിരുന്നു ടിക് ടോക്.

കുടുംബത്തിന്റെ പിന്തുണ?
അച്ഛൻ രാജഗോപാലും അമ്മ ഗിരിജകുമാരിയും കലാതല്പരരായിരുന്നു. കലാരംഗത്ത് നിലയുറപ്പിക്കുന്നതിൽ തികഞ്ഞ പ്രോത്സാഹനമായിരുന്നു അവർ നൽകിയത്. രണ്ടുവർഷം മുമ്പാണ് അച്ഛൻ മരിച്ചത്. ഭർത്താവ് സന്ദീപ് ശ്രീധറും നല്ല പിന്തുണയാണ് നൽകുന്നത്. ഇനിയും നല്ല വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം.

 

Tags

Latest News