ലണ്ടൻ- റഷ്യക്കെതിരായ യുദ്ധത്തിൽ ഉക്രൈന് സൈനികമായി കൂടുതൽ സഹായങ്ങൾ നൽകുമെന്ന് വ്യക്തമാക്കി ബ്രിട്ടൻ. ഇതിനകം 3615 ടാങ്ക് വേധ ആയുധങ്ങൾ നൽകിയതായും കൂടുതൽ ഉടനെ നൽകുമെന്നും ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ബെൻവാലസ് പറഞ്ഞു. റഷ്യൻ ടാങ്കുകളെ തകർക്കുന്നതിനുള്ള ജാവലിൻ മിസൈലുകൾ ഉടനെ ഉക്രൈന് കൈമാറുമെന്നും വാലസ് വ്യക്തമാക്കി.
കൂടുതൽ ആയുധങ്ങൾ വേണമെന്ന് ഉക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തിൽ ഉക്രൈന് ആവശ്യമുള്ള യുദ്ധക്കോപ്പുകൾ ഏതെല്ലാമാണെന്ന് ബ്രിട്ടൻ അടിയന്തരമായി പരിശോധിച്ച് വരികയാണ്. ബ്രിട്ടന്റെ സ്റ്റാർ സ്റ്റീക്ക് മിസൈലുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ വൈകാതെ അവർക്ക് നൽകും- ഡിഫൻസ് സെക്രട്ടറി വ്യക്തമാക്കി. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധങ്ങളാണ് ബ്രിട്ടൻ ഉക്രൈന് നൽകുന്നത്. റഷ്യൻ ആക്രമണം തുടങ്ങുന്നതിന് മുമ്പ് ഉക്രൈൻ സൈനികർക്ക് ടാങ്ക് വേധ മിസൈലുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് പരിശീലനം നൽകുന്നതിന് ബ്രിട്ടൻ വിദഗ്്ധരെ അയച്ചിരുന്നു. 800 സൈനികരെയാണ് പരിശീലകരായി അയച്ചിരുന്നത്. ഉക്രൈൻ ആവശ്യപ്പെട്ട ആയുധങ്ങളും പരിശീലകരെയും ബ്രിട്ടൻ നൽകിയിരുന്നെങ്കിലും റഷ്യക്കെതിരെ വ്യോമനിരോധനം ഏർപ്പെടുത്തണമെന്ന ഉക്രൈന്റെ ആവശ്യം ബ്രിട്ടൻ നിരാകരിച്ചിരുന്നു.






