റിയാദ് - കഴിഞ്ഞ രണ്ടു വർഷമായി കടുത്ത തിരക്ക് അനുഭവപ്പെട്ടിരുന്ന സൗദിയിലെ കൊറോണ പരിശോധനാ കേന്ദ്രങ്ങളിൽ തിരക്കൊഴിഞ്ഞു. മുമ്പത്തെ അപേക്ഷിച്ച് വളരെ കുറച്ചു ആളുകൾ മാത്രമാണ് ഇപ്പോൾ കോവിഡ് പരിശോധനാ സെന്ററുകളിലെത്തുന്നത്. കടുത്ത തിരക്ക് മൂലം നേരത്തെ കോവിഡ് പരിശോധനക്ക് ദിവസങ്ങൾക്കു ശേഷമുള്ള അപ്പോയിന്റ്‌മെന്റുകളാണ് സ്വദേശികൾക്കും വിദേശികൾക്കും ലഭിച്ചിരുന്നത്.
സൗദി സമൂഹത്തിൽ മഹാഭൂരിഭാഗവും വാക്‌സിൻ സ്വീകരിക്കുകയും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് പരിശോധനാ കേന്ദ്രങ്ങളിലും തിരക്കൊഴിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച മുതൽ കോവിഡ് മുൻകരുതൽ, പ്രതിരോധന നടപടികൾ എടുത്തുകളഞ്ഞതും പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് കുറയാൻ ഇടയാക്കി.
സൗദിയിൽ പ്രതിദിന കൊറോണ കേസുകൾ 200 ൽ താഴെയായിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ 187 പേർക്കു മാത്രമാണ് കൊറോണബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി 483 പേർ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികൾ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ എണ്ണം 354 ആയും കുറഞ്ഞിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ എണ്ണത്തിൽ 29 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
റിയാദ്-53, ജിദ്ദ-20, മദീന-10, ദമാം-9, മക്ക-8, തായിഫ്-7, അബഹ-6, ഹുഫൂഫ്-4, തബൂക്ക്-3, ഹായിൽ-3, ബുറൈദ-3, ജിസാൻ-3, ഹഫർ അൽബാത്തിൻ-3 എന്നിങ്ങിനെ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 27,913 പേർക്കു മാത്രമാണ് പരിശോധനകൾ നടത്തിയത്. നേരത്തെ പ്രതിദിനം ശരാശരി ഒന്നര ലക്ഷത്തിലേറെ പേർക്ക് പരിശോധനകൾ നടത്തിയിരുന്നു. സൗദിയിൽ ഇതുവരെ 7,48,121 പേർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 7,29,206 പേർ രോഗമുക്തി നേടുകയും 9,013 പേർ മരണപ്പെടുകയും ചെയ്തു. 9,902 പേർ ചികിത്സയിലാണ്.
ഇന്നലെ ഉച്ച വരെ 6,16,05,907 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 2,60,59,548 പേർക്ക് ആദ്യ ഡോസും 2,43,26,492 പേർക്ക് രണ്ടു ഡോസും 1,12,19,867 പേർക്ക് ബൂസ്റ്റർ ഡോസും നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.






