Sorry, you need to enable JavaScript to visit this website.

യുക്രൈനിലേക്ക് പോര്‍ വിമാനങ്ങള്‍ അയക്കാനുള്ള പോളണ്ടിന്റെ നീക്കത്തിന് യുഎസ് ഉടക്കിട്ടു

വാഷിങ്ടന്‍- റഷ്യയുമായുള്ള പോരാട്ടത്തില്‍ യുക്രൈനെ സൈനികമായി സഹായിക്കാന്‍ മിഗ്-29 പോര്‍ വിമാനങ്ങള്‍ അയക്കാനുള്ള പോളണ്ടിന്റെ നീക്കത്തെ യുഎസ് തടഞ്ഞു. ജര്‍മനിയിലെ യുഎസ് എയര്‍ ബേസ് വഴി പോര്‍ വിമാനങ്ങള്‍ അയക്കാനാണ് പോളണ്ട് യുഎസിനെ സമീപിച്ചത്. എന്നാല്‍ ഇത് നാറ്റോ സഖ്യത്തിന് കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്നും യുഎസ് മറുപടി നല്‍കി. സോവിയറ്റ് കാലത്തെ മിഗ്-29 പോര്‍വിമാനങ്ങള്‍ യുക്രൈനില്‍ വിന്യസിച്ച് പകരം യുഎസ് നിര്‍മിത എഫ്-16 പോര്‍വിമാനങ്ങള്‍ സ്വന്തമാക്കാനായിരുന്നു പോളണ്ടിന്റെ നീക്കം.

ഈ പോര്‍വിമാനം അയക്കല്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് പോളണ്ടുമായും മറ്റു നാറ്റോ അംഗങ്ങളുമായും ചര്‍ച്ച തുടരുമെന്നും എന്നാല്‍ പോളണ്ടിന്റെ നിര്‍ദേശം സാധൂകരിക്കത്തക്കതല്ലെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

റഷ്യയ്‌ക്കെതിരെ പൊരുതാന്‍ ആയുധങ്ങള്‍ നല്‍കണമെന്ന് യുക്രൈന്‍ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പോര്‍വിമാനങ്ങള്‍ നല്‍കുന്നത് റഷ്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കപ്പെടുമെന്നതിനാല്‍ നാറ്റോ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. റഷ്യയുമായി പോരടിക്കാന്‍ നാറ്റോ രാജ്യങ്ങള്‍ക്ക് താല്‍പര്യമില്ല.

സോവിയറ്റ് കാലത്തെ പഴയ മിഗ്-29, സുഖോയ്-27, സുഖോയ്-25 പോര്‍വിമാനങ്ങളാണ് യുക്രൈന്‍ വ്യോമ സേനയുടെ പക്കലുള്ളത്. മറ്റു പോര്‍വിമാനങ്ങള്‍ നല്‍കിയാല്‍ യുക്രൈന്‍ സേനയ്ക്ക് അത് പരിശീലനം ഇല്ലാതെ ഉടന്‍ ഉപയോഗിക്കാന്‍ കഴിയില്ല.

Latest News