VIDEO തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ഒളിച്ചോടി; അച്ഛനില്‍ നിന്ന് രക്ഷ തേടി ബെംഗളുരു പോലീസില്‍ പരാതി നല്‍കി

ബെംഗളുരു- തമിഴ്‌നാട് ഹിന്ദു മതകാര്യ മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ കാമുകനൊപ്പം ഒളിച്ചോടി. ആറു വര്‍ഷമായി പ്രണയിക്കുന്ന സതീഷ് കുമാറിനൊപ്പമാണ് ഡോ. ജയകല്യാണി ബെംഗളുരുവിലെത്തിയത്. കര്‍ണാടകയിലെ റായ്ചൂരിലെ ഹലസ്വാമി മഠത്തില്‍ വച്ച് വിവാഹിതരായ ഇരുവരും അച്ഛനായ മന്ത്രിയില്‍ നിന്ന് സംരക്ഷണം തേടി ബെംഗളുരു സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിരിക്കുകയാണ്. ആറു വര്‍ഷമായി തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അച്ഛന്‍ ഈ ബന്ധത്തെ എതിര്‍ക്കുന്നതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും ജയകല്യാണി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. നിരന്തരം ജീവനു ഭീഷണി ഉള്ളതിനാലാണ് പോലീസ് സംരക്ഷണം തേടിയതെന്നും അവര്‍ പറഞ്ഞു.

അതേസമയം മകളെ കാണാനില്ലെന്ന് മന്ത്രി പി കെ ശേഖര്‍ ബാബു പോലീസില്‍ പരാതി നല്‍കിയതായും റിപോര്‍ട്ടുണ്ട്. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയിക്കുന്നതായും പരാതിയില്‍ അദ്ദേഹം പറയുന്നു. 

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജയകല്യാണിയുടെ കുടുംബം ഈ ബന്ധം അറിയുന്നത്. തുടര്‍ന്ന് പലരീതിയില്‍ സതീശ് കുമാറിനെതിരെ ഭീഷണിയുണ്ടായതായി കുടുംബം ആരോപിക്കുന്നു. ഡിഎംകെ നേതാവും ബിസിനസുകാരനുമായ സതീശ് കുമാറിനെ നേരത്തെ തമിഴ്‌നാട് പോലീസ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. 2021 സെപ്തംബറിലും ജയകല്യാണിയും സതീഷ് കുമാറും ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. ഇരുവരും മുംബൈയിലേക്കു പോകുന്നതിനിടെ മന്ത്രി ഇടപെട്ട് തമിഴ്‌നാട് പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ഇരുവരേയും ചെന്നൈയില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് കെട്ടിച്ചമച്ച കേസിലുള്‍പ്പെടുത്തി സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ജയകല്യാണി പറഞ്ഞു. ഇതിനു ശേഷം സതീഷ് കുമാര്‍ ഒരു വിഡിയോ പുറത്തു വിട്ടിരുന്നു. മന്ത്രി തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തന്റെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലിട്ട് നാലു ദിവസം തല്ലിച്ചതച്ചുവെന്നും സതീഷ് കുമാര്‍ വിഡിയോയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും സതീഷ് ആവശ്യപ്പെട്ടിരുന്നു. 

Latest News