റിയാദ് - റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ ഉക്രൈൻ അധികൃതർ തന്നെ നിർബന്ധിക്കുന്നതായി ഏഴു മാസമായി ഉക്രൈനിലെ ജയിലിൽ കഴിയുന്ന സൗദി യുവാവ് നാസിർ അൽശമ്മരി പറഞ്ഞു. ഉക്രൈൻ ജയിലിൽ നിന്നുള്ള തന്റെ മോചനത്തിനും സ്വദേശത്തേക്ക് മടങ്ങാനും സൗദി അധികൃതർ സഹായിക്കണമെന്നും യുവാവ് അപേക്ഷിച്ചു. നീതിപൂർവമായ വിചാരണ കൂടാതെ ഏഴു മാസമായി താൻ ഉക്രൈൻ ജയിലിൽ കഴിയുകയാണ്.
യുദ്ധത്തിൽ പങ്കെടുക്കാനുള്ള സമ്മതം അറിയിച്ചുള്ള രേഖയിൽ ഒപ്പുവെക്കാൻ ഉക്രൈൻ അധികൃതർ തന്നോട് ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയായ കീവിനു വേണ്ടി പ്രതിരോധം തീർക്കുന്നതിൽ പങ്കാളിത്തം വഹിക്കണമെന്നാണ് ഉക്രൈൻ അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ താൻ ഇത് നിരാകരിച്ചു. തുടർന്ന് രേഖയിൽ ഒപ്പുവെക്കാൻ അവർ നിർബന്ധിച്ചു. യുദ്ധത്തിൽ പങ്കെടുത്താൽ വീടും കാറും ഭാര്യയെയും നൽകാമെന്നും ജയിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്നുമാണ് അവർ വാഗ്ദാനം ചെയ്യുന്നത്.
വിനോദ സഞ്ചാരിയായി 2021 ഓഗസ്റ്റ് എട്ടിന് ആണ് താൻ ഒറ്റക്ക് ഉക്രൈനിലെത്തിയത്. ഇതാദ്യമായാണ് താൻ ഉക്രൈൻ സന്ദർശിക്കുന്നത്. എയർപോർട്ടിലെത്തിയ ശേഷം സംശയം തോന്നി ഉക്രൈൻ അധികൃതർ ചില വിവരങ്ങൾ ഉറപ്പുവരുത്താൻ തന്റെ രേഖകളെല്ലാം വിശദമായി പരിശോധിച്ചു. സംശയം ശരിയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് തന്നെ പിന്നീട് അവർ വിട്ടയച്ചു.
ഒരാഴ്ച താൻ ഉക്രൈനിൽ ചെലവഴിച്ചു. ഇതിനു ശേഷം പോലീസ് ഫോണിൽ ബന്ധപ്പെട്ട് വിളിപ്പിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നു മുതൽ ഇന്നുവരെ വിചാരണ കൂടാതെ താൻ റിമാന്റ് ജയിലിൽ കഴിയുകയാണ്. ജയിലിൽ ആയതു മുതൽ നീതിപൂർവമായ വിചാരണ ലഭിക്കാനും മോചനത്തിനും സഹായിക്കണമെന്ന് ഉക്രൈൻ സൗദി എംബസിയോട് താൻ ആവശ്യപ്പെട്ടുവരികയാണ്. ഖേദകരമെന്ന് പറയട്ടെ, ആരും ഇതുവരെ തന്നെ സഹായിക്കാൻ മുന്നോട്ടുവന്നില്ല. ഏറ്റവും ഒടുവിൽ യുദ്ധമാണെന്നും തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കിയ എംബസി അധികൃതർ ദൈവ സഹായത്തിനു വേണ്ടി പ്രാർഥിക്കാൻ നിർദേശിച്ചതായും നാസിർ അൽശമ്മരി പറഞ്ഞു.
റഷ്യൻ സൈന്യം കീവിൽ പ്രവേശിക്കുന്നതിനു മുമ്പായി തന്റെ മോചനത്തിന് സഹായിക്കണമെന്ന് സൗദി അധികൃതരോട് നാസിർ അൽശമ്മരി അപേക്ഷിച്ചു. താൻ സൗദി പൗരനാണ്. ഈ പരീക്ഷണഘട്ടം സുരക്ഷിതമായി മറികടക്കാൻ സൗദി അധികൃതർ തനിക്കൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു യുദ്ധത്തിലും പങ്കെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ല. റഷ്യൻ സൈന്യം ഇപ്പോൾ കീവിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയാണ്. തടികൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ച് പോരാടാൻ ഉക്രൈൻ അധികൃതർ തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നത്.
തനിക്കെതിരായ ആരോപണങ്ങളെല്ലാം സംശയമാണ്. ഏഴു മാസമായി ജയിലിൽ കഴിയാൻ മാത്രം പര്യാപ്തമായ കാര്യമല്ല ഇതെന്നും നാസിർ അൽശമ്മരി പറയുന്നു. സംഭവത്തിൽ ഉക്രൈൻ സൗദി എംബസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കീവ് സൗദി എംബസി ട്വിറ്റർ അക്കൗണ്ടിൽ പരസ്യപ്പെടുത്തിയ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും എംബസി അധികൃതർ അറ്റന്റ് ചെയ്യുന്നില്ല. മെസ്സേജുകളുമായി എംബസി അധികൃതർ പ്രതികരിക്കുന്നുമില്ലെന്നും അൽശമ്മരി പരിതപിക്കുന്നു.






