വായനശാലയുടെ മറവിൽ ദേശീയപാത വികസനത്തിന്റെ തുക കൈക്കലാക്കാനുള്ള നീക്കം പൊളിഞ്ഞു

കണ്ണൂർ - ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത പഞ്ചായത്തു വക സ്ഥലത്തിന്റെ നഷ്ടപരിഹാര തുക, വായനശാലയുടെ മറവിൽ കൈക്കലാക്കാനുള്ള സി.പി.എം നീക്കം പൊളിഞ്ഞു. നഷ്ടപരിഹാരത്തുക പഞ്ചായത്തിന് കൈമാറാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. 
പരിയാരം ഗ്രാമപഞ്ചായത്തിന്റെ പരിയാരം സെന്ററിലുള്ള കോടികൾ വിലവരുന്ന വസ്തുക്കൾ വ്യാജരേഖയുണ്ടാക്കി സി.പി.എം നിയന്ത്രണത്തിലുള്ള വായനശാല കമ്മിറ്റി കൈക്കലാക്കാൻ ശ്രമിക്കുന്നതായി കാണിച്ച് നൽകിയ പരാതിയിലാണ് ഓംബുഡ്മാന്റെ ഉത്തരവ്. ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ 2013-ൽ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി.രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.  നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പഞ്ചായത്ത് ഭൂമിയാണെന്ന് തെളിയിച്ച് കോടതി വിധി ഉണ്ടായിട്ടും കോടികൾ വിലവരുന്ന ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഹൈവേ വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുന്ന ഭൂമിക്കും മറ്റും ലഭിക്കേണ്ട കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം കൈപ്പറ്റാതിരിക്കുന്നത് ഇതുമൂലമാണെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചിരുന്നു.
പരിയാരം അംശം ദേശത്ത് റീസർവേ 107/13 ൽപ്പെട്ട 21 സെന്റ് സ്ഥലം തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിലെ 1958 ജൂലൈ 24 ലെ 1483/58 നമ്പർ തീരാധാരം പ്രകാരം പരിയാരം ഗ്രാമപഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതാണ്. 
2002-2004 കാലഘട്ടത്തിൽ 5 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് മാതൃക വികസന തുടർ വിദ്യാകേന്ദ്രം കെട്ടിടവും 2008 പഞ്ചായത്ത് മഴവെള്ള സംഭരണിയും നിർമ്മിച്ചു. 
കോടിയിലേറെ വിലവരുന്ന ഈ സർക്കാർ ഭൂമിയും മറ്റും ചിലർ 2002 മുതൽ സെക്രട്ടറി പരിയാരം സ്മാരക വായനശാല ഗ്രന്ഥാലയം എന്ന പേരിൽ പരിയാരം വില്ലേജ് ഓഫീസിൽ നികുതി മുറിച്ച് അതിന്റെ ബലത്തിൽ പയ്യന്നൂർ ലാൻഡ് ട്രിബ്യൂണൽ നിന്നും 2006 ജൂലൈ 22 ന് 576/06 നമ്പറായി പട്ടയം തരപ്പെടുത്തുകയും ചെയ്തു. 
പിന്നീട് വസ്തുവിൽ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലവരുന്ന രണ്ട് തേക്ക് മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. ഈ ഭൂമിയിൽ നിന്നും പകുതിയിൽ അധികം സ്ഥലവും കെട്ടിട സമുച്ചയമടക്കം ദേശീയപാത വികസനത്തിന് എറ്റെടുക്കാൻ  വിജ്ഞാപനം പുറപ്പെടുപ്പിച്ച നോട്ടിസ്
ഒരു കോടി മുപ്പത്തുമൂന്ന് ലക്ഷം രൂപ കൈക്കലാക്കൻ ശ്രമം  നടത്തുന്നതിന് എതിരെയും പരാതി നൽകിയിരുന്നു. 
1975 ൽ സ്ഥാപിതമായതും 1985 ൽ 4228/85 നമ്പറായി അഫിലിയേഷൻ കിട്ടിയതുമാണ് വായനശാല. എന്നാൽ വായനശാല സെക്രട്ടറി, കെ.കെ.എൻ.പരിയാരം സ്മാരക വായനശാല ഗ്രന്ഥാലയം എന്ന പേരിലാണ് പട്ടയം നേടിയിട്ടുള്ളത്. 
1916 നവംബർ 30 ന് ജനിച്ച കെ.കെ.എൻ.പരിയാരം മരിച്ചത് 1989 ഫിബ്രവരി 24 നാണ്. അദ്ദേഹം മരിക്കുന്നതിന് 14 വർഷം മുമ്പ് സ്മാരകമുയർന്നത് വിചിത്രമാണ്. 
1979 മുതൽ 1988 വരെ പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 1989 മുതൽ മരിക്കുന്നത് വരെ അദ്ദേഹം തളിപ്പറമ്പ് എം.എൽ.എയും ആയിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി നൽകുന്ന നഷ്ടപരിഹാരതുക എത്രയും വേഗം കൈപ്പറ്റി പഞ്ചായത്ത് അക്കൗണ്ടിൽ വകയിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.പി.സജീവൻ നൽകിയ പരാതിയിലാണ് തുക
പഞ്ചായത്തിന് തന്നെ നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവായിരിക്കുന്നത്.

Latest News