സൗദി-ഈജിപ്ത് സഹകരണം കൂടുതല്‍ ശക്തമാക്കും

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ചര്‍ച്ച നടത്തുന്നു.
ദിര്‍ഇയയിലെ അല്‍തുറൈഫ് ഡിസ്ട്രിക്ട് സൗദി കിരീടാവകാശിക്കൊപ്പം ഈജിപ്ഷ്യന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുന്നു.

റിയാദ് - സൗദി, ഈജിപ്ഷ്യന്‍ ഉച്ചകോടിക്ക് വേദിയായി തലസ്ഥാന നഗരി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ചര്‍ച്ച നടത്തി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ അല്‍യെമാമ കൊട്ടാരത്തില്‍ വെച്ചാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിനെയും സംഘത്തെയും സല്‍മാന്‍ രാജാവ് സ്വീകരിച്ചത്. സല്‍മാന്‍ രാജാവ് ഒരുക്കിയ ഉച്ച വിരുന്നിലും ഈജിപ്ഷ്യന്‍ പ്രസിഡന്റും സംഘവും പങ്കെടുത്തു. രാജകുമാരന്മാരും ഗവര്‍ണര്‍മാരും മന്ത്രിമാരും മുതിര്‍ന്ന സൈനിക നേതാക്കളും സ്വീകരണത്തിലും വിരുന്നിലും പങ്കെടുത്തു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം എത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയെ നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.  

സൗദി കിരീടാവകാശിയും ഈജിപ്ഷ്യന്‍ പ്രസിഡന്റും പിന്നീട് പ്രത്യേകം ചര്‍ച്ച നടത്തി. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും, ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
യുനെസ്‌കോ ലോക പൈതൃക പട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ദിര്‍ഇയയിലെ അല്‍തുറൈഫ് ഡിസ്ട്രിക്ട് സൗദി കിരീടാവകാശിക്കൊപ്പം ഈജിപ്ഷ്യന്‍ പ്രസിഡന്റ് സന്ദര്‍ശിച്ചു. ആദ്യ സൗദി ഭരണകൂടത്തിന്റെ സ്ഥാപനത്തിന് സാക്ഷ്യം വഹിക്കുകയും സ്ഥാപന കാലം മുതല്‍ സൗദി അറേബ്യയുടെ തലസ്ഥാനമായി മാറുകയും ചെയ്ത അല്‍തുറൈഫ് ഡിസ്ട്രിക്ടിലെ ചരിത്ര, പൈതൃക അടയാളങ്ങളും ശേഷിപ്പുകളും മഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനൊപ്പം ഈജിപ്ഷ്യന്‍ പ്രസിഡന്റ് ചുറ്റിക്കണ്ടു.


 

 

Latest News