യെമനി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമം

കൊച്ചി- യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയും നഴ്‌സുമായ നിമിഷ പ്രിയയെ ദിയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്്ഷന്‍ കമ്മറ്റി.
കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച ആരംഭിച്ചതായും രണ്ട് കോടി രൂപവരെ നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കാമെന്നും ആക്്ഷന്‍ കമ്മിറ്റി പറയുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി തിങ്കളാഴ്ച ശരിവെച്ചിരുന്നു. എല്ലാ വഴികളും അടഞ്ഞുവെന്ന പ്രചാരണം ശരിയല്ലെന്ന് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്്ഷന്‍ കമ്മറ്റി വൈസ് ചെയര്‍പേഴ്ണും അഭിഭാഷകയുമായ ദീപ ജോസഫ് പറഞ്ഞു.
അനകൂല വിധിക്ക് സാധ്യത കുറവാണെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കൊല്ലപ്പെട്ട യെമന്‍ സ്വദേശി തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കിയാല്‍ വധശിക്ഷ ഒഴിവാകും. 2017 ജൂലൈയില്‍ തലാലിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് നിമിഷക്കെതിരായ കേസ്. യെമനില്‍ നഴ്‌സായി ജോലി ചെയ്യവേ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച തലാല്‍ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ചുവെന്നും ആത്മരക്ഷാര്‍ത്ഥമാണ് കൊല ചെയ്തതെന്നുമാണ് നിമിഷയുടെ വാദം.

 

Latest News