Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുദ്ധം ചെയ്താല്‍ വീടും കാറും ഭാര്യയും, ഉക്രൈന്‍ ജയിലിലുള്ള സൗദി യുവാവിന്റെ വെളിപ്പെടുത്തല്‍

റിയാദ് - റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഉക്രൈന്‍ അധികൃതര്‍ തന്നെ നിര്‍ബന്ധിക്കുന്നതായി ഏഴു മാസമായി ഉക്രൈനിലെ ജയിലില്‍ കഴിയുന്ന സൗദി യുവാവ് നാസിര്‍ അല്‍ശമ്മരി.

ഉക്രൈന്‍ ജയിലില്‍ നിന്നുള്ള തന്റെ മോചനത്തിനും സ്വദേശത്തേക്ക് മടങ്ങാനും സൗദി അധികൃതര്‍ സഹായിക്കണമെന്ന് യുവാവ് അപേക്ഷിച്ചു. നീതിപൂര്‍വമായ വിചാരണ കൂടാതെ ഏഴു മാസമായി താന്‍ ഉക്രൈന്‍ ജയിലില്‍ കഴിയുകയാണ്.
യുദ്ധത്തില്‍ പങ്കെടുക്കാനുള്ള സമ്മതം അറിയിച്ചുള്ള രേഖയില്‍ ഒപ്പുവെക്കാന്‍  അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയായ കീവിനു വേണ്ടി പ്രതിരോധം തീര്‍ക്കുന്നതില്‍ പങ്കാളിത്തം വഹിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ തുടക്കത്തില്‍ താന്‍ ഇത് നിരാകരിച്ചു. തുടര്‍ന്ന് രേഖയില്‍ ഒപ്പുവെക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. യുദ്ധത്തില്‍ പങ്കെടുത്താല്‍ വീടും കാറും ഭാര്യയെയും നല്‍കാമെന്നും ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാമെന്നുമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്.

വിനോദ സഞ്ചാരിയായി 2021 ഓഗസ്റ്റ് എട്ടിന് ആണ് താന്‍  ഉക്രൈനിലെത്തിയത്. ഇതാദ്യമായാണ് താന്‍ ഉക്രൈന്‍ സന്ദര്‍ശിക്കുന്നത്. എയര്‍പോര്‍ട്ടിലെത്തിയ ശേഷം സംശയം തോന്നി ഉക്രൈന്‍ അധികൃതര്‍ ചില വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ തന്റെ രേഖകളെല്ലാം വിശദമായി പരിശോധിച്ചു. സംശയം ശരിയല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് തന്നെ പിന്നീട് അവര്‍ വിട്ടയച്ചു.
ഒരാഴ്ച താന്‍ ഉക്രൈനില്‍ ചെലവഴിച്ചു. ഇതിനു ശേഷം പോലീസ് ഫോണില്‍ ബന്ധപ്പെട്ട് വിളിപ്പിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നു മുതല്‍ ഇന്നുവരെ വിചാരണ കൂടാതെ താന്‍ റിമാന്റ് ജയിലില്‍ കഴിയുകയാണ്. ജയിലില്‍ ആയതു മുതല്‍ നീതിപൂര്‍വമായ വിചാരണ ലഭിക്കാനും മോചനത്തിനും സഹായിക്കണമെന്ന് ഉക്രൈന്‍ സൗദി എംബസിയോട് താന്‍ ആവശ്യപ്പെട്ടുവരികയാണ്. ഖേദകരമെന്ന് പറയട്ടെ, ആരും ഇതുവരെ തന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. ഏറ്റവും ഒടുവില്‍ യുദ്ധമാണെന്നും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ എംബസി അധികൃതര്‍ ദൈവ സഹായത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചതായും നാസിര്‍ അല്‍ശമ്മരി പറഞ്ഞു.
റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിക്കുന്നതിനു മുമ്പായി തന്റെ മോചനത്തിന് സഹായിക്കണമെന്ന് സൗദി അധികൃതരോട് നാസിര്‍ അല്‍ശമ്മരി അപേക്ഷിച്ചു. താന്‍ സൗദി പൗരനാണ്. ഈ പരീക്ഷണഘട്ടം സുരക്ഷിതമായി മറികടക്കാന്‍ സൗദി അധികൃതര്‍ തനിക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു യുദ്ധത്തിലും പങ്കെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. റഷ്യന്‍ സൈന്യം ഇപ്പോള്‍ കീവില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ്. തടികൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടാന്‍ ഉക്രൈന്‍ അധികൃതര്‍ തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.  
തനിക്കെതിരായ ആരോപണങ്ങളെല്ലാം സംശയമാണ്. ഏഴു മാസമായി ജയിലില്‍ കഴിയാന്‍ മാത്രം പര്യാപ്തമായ കാര്യമല്ല ഇതെന്നും നാസിര്‍ അല്‍ശമ്മരി പറയുന്നു. സംഭവത്തില്‍ ഉക്രൈന്‍ സൗദി എംബസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കീവ് സൗദി എംബസി ട്വിറ്റര്‍ അക്കൗണ്ടില്‍ പരസ്യപ്പെടുത്തിയ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും എംബസി അധികൃതര്‍ അറ്റന്റ് ചെയ്യുന്നില്ല. മെസ്സേജുകളുമായി എംബസി അധികൃതര്‍ പ്രതികരിക്കുന്നുമില്ലെന്നും അല്‍ശമ്മരി പരിതപിക്കുന്നു.

ക്യാപ്.

നാസിര്‍ അല്‍ശമ്മരി

 

Latest News