റിയാദ് - നിയമവിരുദ്ധമായി മാംസം വില്പന നടത്തിയ വിദേശികളെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് പിടികൂടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പോലീസിന്റെ ശ്രദ്ധ പതിയാത്ത താമസസ്ഥലം കേന്ദ്രീകരിച്ചാണ് വിദേശികള്‍ മാംസം തയാറാക്കി റെസ്റ്റോറന്റുകള്‍ക്ക് മൊത്തമായി വിതരണം ചെയ്തിരുന്നത്. മസ്ജിദിനോട് ചേര്‍ന്ന മുറി കേന്ദ്രീകരിച്ചാണ് വിദേശികള്‍ ഇറച്ചി വിതരണം ചെയ്തിരുന്നത്.
ഉറവിടം അറിയാത്ത ബീഫും കോഴിയിറച്ചിയുമാണ് സംഘം ഇങ്ങിനെ വിതരണം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിദേശികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായ വിദേശികളുടെയും ഇവരുടെ കേന്ദ്രത്തില്‍ റെയ്ഡ് നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.
ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനകള്‍ക്കിടെയാണ് നിയമവിരുദ്ധമായി ഇറച്ചി വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ കേന്ദ്രം വാണിജ്യ മന്ത്രാലയ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.






