യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ സ്ത്രീയും മകനും അറസ്റ്റില്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍  35 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി സരായ് റോഹില്ല പ്രദേശത്തെ വാടക ഫ് ളാറ്റില്‍ താമസിച്ചിരുന്ന ജയ്പാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയ്പാലിന്റെ അകന്ന ബന്ധുവായ ചന്ദ്രാവതി എന്ന രാധാദേവി, ഇവരുടെ മകന്‍ ധീരജ്, സുഹൃത്ത് സതീഷ് എന്നിവരാണ് പിടിയിലായത്.

ജയ്പാലിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് ആറിന് പോലീസ് നടത്തിയ തിരച്ചിലിലാണ്  മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെത്തിയത്. നഗ്‌നനായി തറയില്‍ കിടന്നിരുന്ന മൃതേദഹത്തിന്റെ മുതുകില്‍ മുറിവുകളുണ്ടായിരുന്നു. ഫ് ളാറ്റ്  ഉടമ ഷക്കീല്‍ അഹമ്മദ് ഖുര്‍ഷിയെ സംഭവസ്ഥലത്ത് വിളിച്ചുവരുത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

അന്വേഷണ സംഘം  കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതില്‍  ജയ്പാലിന് അകന്ന ബന്ധുവായ ചന്ദ്രാവതി എന്ന രാധാദേവിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനു പുറമെ, ഫ് ളാറ്റിനു സമീപം ഒരു സ്ത്രീ ഉള്‍പ്പെടെ അജ്ഞാതരായ മൂന്ന് പേരെ കണ്ടിരുന്നുവെന്ന്  അയല്‍വാസി പോലീസിനോട് പറയുകയും ചെയ്തു. ഇവരുടെ ഫോട്ടോ എടുത്തത് അയല്‍വാസി പോലീസിനു കൈമാറിയിരുന്നു.

രാധാദേവിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചു.
ചന്ദ്രാവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മകന്‍ ധീരജിനെയും സുഹൃത്ത് സതീഷിനെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍  കണ്ടെടുത്തു.

മാര്‍ച്ച് മൂന്നിന് വൈകുന്നേരം നാല് മണിയോടെ ജയ്പാല്‍ ചന്ദ്രാവതിയെ തന്റെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ഫ് ളാറ്റിലെത്തിയപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ജയ്പാല്‍ ചന്ദ്രാവതിയെ മര്‍ദിക്കുകയും ചെയ്തു. മര്‍ദിക്കുന്നതിന്റെ വീഡിയോയും പകര്‍ത്തിയിരുന്നു.

യുവതി സംഭവം മകനെ അറിയിച്ചതിനെ തുടര്‍ന്ന്  സുഹൃത്തിനെ കൂടി വിളിച്ച്   ജയ്പാലിന്റെ വീട്ടിലെത്തുകയായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ജയ്പാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിട്ടുവെന്ന് പോലീസ് പറഞ്ഞു.

 

Latest News