മുംബൈ- അഴിമതിക്കാരനായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ഉപദ്രവിക്കുകയും പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് കത്തയച്ച ശേഷം പോലീസ് ഇന്‍സ്‌പെക്ടര്‍ അപ്രത്യക്ഷനായി.
നവി മുംബൈ പോലീസിലെ സബ് ഇന്‍സ്‌പെക്ടറെയാണ് കാണാതായത്. കലംബോലി പോലീസ് സ്‌റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന മനേഷ് ബച്ചാവിനെ ശനിയാഴ്ച ഉച്ച മുതലാണ് കാണാതായത്.
പോലീസ് വകുപ്പില്‍ വ്യാപകമായ അഴിമതി ആരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) രജനീഷ് സേത്തിനുമാണ് അദ്ദേഹം കത്തയച്ചത്.
കലംബോലി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അഴിമതിക്കാരനാണെന്നും കലക്്ഷന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാത്തതിനാല്‍ തന്നെ ഉപദ്രവിച്ചെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും കത്തില്‍ ബച്ചാവ് കുറ്റപ്പെടുത്തി. കലംബോലി പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ സ്ഥലം മാറ്റിയതായും അദ്ദേഹം പറഞ്ഞു.
സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ സ്വത്തുകളെക്കുറിച്ചും കലംബോലി പോലീസില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ബച്ചാവ് ആവശ്യപ്പെട്ടു.
പോലീസ് ഇന്‍സ്‌പെക്ടര്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കലംബോലി പോലീസ് ഇദ്ദേഹത്തിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.