ജിദ്ദ - സിത്തീൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സെറാഫി മാളിലെ പുതിയ ജവാസാത്ത് ഓഫീസ് മക്ക പ്രവിശ്യ ജവാസാത്ത് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽഹർബി ഉദ്ഘാടനം ചെയ്തു. സെറാഫി മാൾ ഉടമകളിലൊരാളായ എൻജിനീയർ അനസ് സ്വാലിഹ് സെറാഫി ചടങ്ങിൽ പങ്കെടുത്തു. വിദേശികളുടെ ഇഖാമ (ഹവിയ്യതു മുഖീം) പുതുക്കൽ, ഹവിയ്യതുമുഖീം പ്രിന്റ് , റീ-എൻട്രി, ഫൈനൽ എക്‌സിറ്റ്, പഴയ പാസ്‌പോർട്ടിൽനിന്ന് പുതിയ പാസ്‌പോർട്ടിലേക്ക് വിസാ വിവരങ്ങൾ മാറ്റൽ (നഖ്‌ലുൽ മഅ്‌ലൂമാത്ത്) എന്നീ സേവനങ്ങൾ സെറാഫി മാൾ ജവാസാത്ത് ഓഫീസിൽ ലഭിക്കുമെന്ന് ഓഫീസ് സൂപ്പർവൈസർ കേണൽ അബ്ദുറഹ്മാൻ അൽശഹ്‌രി പറഞ്ഞു. വിദേശികളുടെ വിരലടയാളം രജിസ്റ്റർ ചെയ്യുന്ന വിഭാഗവും ഇവിടെയുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വിഭാഗത്തിന്റെ സേവനം ലഭിക്കും. സ്ത്രീകളെ സ്വീകരിക്കുന്നതിനായി ഈ വിഭാഗത്തിൽ പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടുമായി രണ്ടു ഷിഫ്റ്റുകളിൽ സെറാഫി മാൾ ജവാസാത്ത് ഓഫീസ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.