റിയാദിൽ റോഡിലൂടെ അലഞ്ഞു നടന്ന സിംഹം കാറിടിച്ച് ചത്തു

റിയാദ് - രാത്രിയിൽ റോഡിലൂടെ അലഞ്ഞുനടന്ന സിംഹം കാറിടിച്ച് ചത്തു. രണ്ടു യുവാക്കൾ ഓടിച്ച കാറാണ് സിംഹത്തെ ഇടിച്ചത്. കാറിടിച്ച് രക്തത്തിൽ കുളിച്ച് മരണവക്ത്രത്തിൽ കഴിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ യുവാക്കൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 
മറ്റൊരു സംഭവത്തിൽ, റോഡിലെ ഡിവൈഡറിൽ തീറ്റ കൊത്തിത്തിന്നുകയായിരുന്ന ഡസൻ കണക്കിന് പ്രാവുകളെ യുവാവ് കരുതിക്കൂട്ടി കാർ കയറ്റി കൊലപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ നിരവധി പ്രാവുകൾ ചത്തു. കുറച്ച് പ്രാവുകൾ മാത്രമാണ് രക്ഷപ്പെട്ടത്. അമിത വേഗത്തിൽ കാറോടിച്ച യുവാവ് ഡിവൈഡറിൽ തീറ്റ കൊത്തിത്തിന്നുകയായിരുന്ന പ്രാവുകൾക്കു മേൽ ഓടിച്ചുകയറ്റുകയായിരുന്നു.  

Latest News