ന്യൂദൽഹി- കേരള ഡി.ജി.പി അനിൽ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ നൈജീരിയൻ സ്വദേശി ദൽഹിയിൽ അറസ്റ്റിൽ . റൊമാനസ് ചിബൂച്ചി എന്നയാളാണ് ദൽഹി ഉത്തംനഗർ ആനന്ദ് വിഹാറിൽ നിന്ന് അറസ്റ്റിലായത്.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്. സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും മൊബൈൽ ഫോണുകളടക്കം കണ്ടെടുത്തതായും എസ് ഐ വിനോദ് കുമാർ പറഞ്ഞു.
ദ്വാരക കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ നാളെ കേരളത്തിലേക്ക് കൊണ്ടുപോകും. ഡിജിപിയുടെ പേരിൽ വ്യാജ വാട്സാപ്പ് നമ്പറിൽ നിന്ന് സന്ദേശമയച്ച് കൊല്ലം കുണ്ടറയിലെ അധ്യാപിക അനിതയിൽ നിന്ന് 14 ലക്ഷം രൂപയാണ് പ്രതി തട്ടിയത്.
ഓൺലൈൻ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത്. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ വ്യാജ വാട്സ്ആപ്പിൽനിന്ന് അധ്യാപികക്ക് സന്ദേശം വന്നിരുന്നു. ടാക്‌സ് അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും താൻ ദൽഹിയിലാണെന്നും ഡി.ജി.പിയുടെ ഫോട്ടോ വെച്ച സന്ദേശം ലഭിച്ചു. തുടർന്ന് പോലീസ് ആസ്ഥാനത്ത് വിളിച്ചപ്പോൾ ഡി.ജി.പി ദൽഹിയിലാണെന്ന മറുപടി ലഭിച്ചതോടെ വിശ്വസിച്ച് പണം നൽകി. അസം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് ഹൈ ടെക് സെല്ലിന്റെ
പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
തട്ടിപ്പിന് ഉപയോഗിച്ച ഫോണിന്റെ ഐ.എം.ഇ നമ്പർ, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുണ്ടുകളാക്കി നേരത്തെയും പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ് നിരന്തരം സന്ദേശം നൽകുമ്പോഴാണ് പൊലീസ് മേധാവിയുടെ പേരിൽത്തന്നെ തട്ടിപ്പ് നടന്നത്.






