Sorry, you need to enable JavaScript to visit this website.

കരിമ്പുലിയെയുംജാഗ്വാറിനെയും  ഉപേക്ഷിച്ച്  നാട്ടിലേക്കില്ലെന്ന് ഉക്രൈനിലെ  ഇന്ത്യന്‍ ഡോക്ടര്‍

കീവ്- വളര്‍ത്തുമൃഗങ്ങളായ കരിമ്പുലിയെയും ജാഗ്വറിനെയും ഉപേക്ഷിച്ച് രാജ്യത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉക്രൈനിലെ  ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു പട്ടണത്തില്‍ നിന്നുള്ള ഡോ. കുമാര്‍ ബന്ദിയാണ് വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹം മൂലം മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 850 കിലോമീറ്റര്‍ അകലെയുള്ള ഡോണ്‍ബാസ് മേഖലയിലെ സെവെറോഡോനെറ്റ്‌സ്‌കിലെ വീടിന്റെ ബേസ്‌മെന്റിലാണ് താന്‍ നിലവിലുള്ളതെന്ന് ബന്ദി പറഞ്ഞു. 'ബങ്കറില്‍ തനിക്കൊപ്പം വളര്‍ത്തുമൃഗങ്ങളായ കരിമ്പുലി, ജാഗ്വര്‍, വലിയ പൂച്ചകള്‍ എന്നിവയുണ്ട്. യുദ്ധ സാഹചര്യത്തില്‍ തന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി ഇവയെ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മക്കളെ പോലെയാണ് ഞാന്‍ ഇവയെ കാണുന്നത്. എന്റെ അവസാനം വരെ ഞാന്‍ ഇവരെ പരിപാലിക്കും' എന്നും അദ്ദേഹം വ്യക്തമാക്കി.
എത്രയും വേഗം മടങ്ങിയെത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. താമസിക്കുന്ന ബങ്കറിന് ചുറ്റും സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങിയാല്‍ ഭക്ഷണമില്ലാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും ബന്ദി പറഞ്ഞു. ഇവയ്ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് താന്‍ ബങ്കറില്‍ നിന്നും പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും അപൂര്‍വമായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് തനിക്കൊപ്പമുള്ള ജാഗ്വാര്‍. കഴിഞ്ഞ 19 മാസമായി ജാഗ്വാറിനെ പരിപലിക്കുകയാണ്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി രണ്ട് മാസം മുന്‍പാണ് ബ്ലാക്ക് പാന്തറിനെ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
15 വര്‍ഷം മുമ്പ് എംബിബിഎസ് പഠനത്തിനായി ഉക്രൈനിലേക്ക് പോയതാണ് കുമാര്‍ ബന്ദി. ഡോണ്‍ബാസില്‍ സ്ഥിരതാമസമാക്കിയതിന് പിന്നാലെ പ്രദേശത്തെ ഒരു പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്കായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ മൃഗശാലയില്‍ നിന്ന് രോഗം ബാധിച്ച ജാഗ്വാറിനെ നിയമപ്രകാരം ദത്തെടുക്കുകയും യാഷ എന്ന പേരിടുകയും ചെയ്തു. രണ്ട് മാസം മുമ്പ് കരിമ്പുലിയെ ജാഗ്വാറിന് കൂട്ടായി കൊണ്ടുവരികയായിരുന്നു.

Latest News