Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈദരലി തങ്ങൾക്ക് വിതുമ്പലോടെ യാത്രാമൊഴി

മലപ്പുറം- മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ജനസഹസ്രങ്ങൾ വേദന നിറഞ്ഞ മനസ്സോടെ യാത്രാമൊഴിയേകി. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കുകാണാനായി മത-രാഷ്ട്രീയ രംഗത്തെ നോതാക്കളും പ്രവർത്തകരും ഞായറാഴ്ച രാത്രി ഒരു മണിവരെ മലപ്പുറം ടൗൺ ഹാൾ പരിസരത്ത് തിങ്ങി നിറഞ്ഞു. വേദന നിറഞ്ഞ മനസ്സുമായി വിതുമ്പിയാണ് പലരും പ്രിയ നേതാവിന് യാത്രാമൊഴിയേകിയത്.  
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം ലീഗ് പ്രവർത്തകരടക്കം പതിനായിരങ്ങളാണ് ഇന്നലെ മലപ്പുറത്തെത്തിയത്. ഞായറാഴ്ച ഉച്ചക്ക് തന്നെ മലപ്പുറം നഗത്തിൽ വൻ തിരിക്കായിരുന്നു. പോലീസ് ഗതാഗതം പൂർണമായി നിയന്ത്രിച്ച് ജനങ്ങൾക്ക് വരിയായി ടൗൺ ഹാളിൽ എത്താനുള്ള സൗകര്യമൊരുക്കിയിരുന്നു. കിലോമീറ്ററുകളോളാണ് ജനങ്ങൾ കാത്തു നിന്നത്. ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരും എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും ജനങ്ങളെ നിയന്ത്രിച്ചു കൊണ്ടിരുന്നു. 
തിരക്കേറിയതോടെ ജനങ്ങളെ നിയന്ത്രിക്കുന്നതും ബുദ്ധിമുട്ടുള്ളതായി. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് തിരക്കിനിടയിൽ കുഴഞ്ഞു വീണു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ജനത്തിരക്ക് കാരണം ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് ഖബറടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച പുലർച്ചെ തന്നെ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു. രാത്രി ഒന്നരയോടെ മൃതദേഹം ടൗൺ ഹാളിൽ നിന്ന് കൊണ്ടുപോയി. 
മൃതദേഹത്തോടൊപ്പം പാണക്കാട്ടേക്കു പോകാൻ ശ്രമിച്ച പ്രവർത്തകരെ ടൗണിനടുത്ത വലിയങ്ങാടിയിലും ഹാജിയാർ പള്ളിയിലും പോലീസിനു തടയേണ്ടിവന്നു. എങ്കിലും മറ്റു വഴികളിലൂടെ നിരവധി പേർ പാണക്കാട് എത്തിയിരുന്നു. അർധരാത്രിയിലും പാണക്കാട് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വസതിയിൽ നിന്നു മൃതദേഹം പുലർച്ചെ രണ്ടോടെ പാണക്കാട് ജുമാ മസ്ജിദിലേക്കെത്തിച്ചു. 2.30 ന് കബറടക്കി.
പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. പോലീസ് ആദരസൂചകമായി ഗാർഡ് ഓഫ് ഓണർ നൽകി. മുസ്‌ലിം ലീഗ് നേതാക്കളും ആത്മീയ നേതാക്കളും ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു. പുലർച്ചെ നാലു മണിയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.
ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ളവരുടെ ഖബറുകൾക്ക് സമീപത്തായായാണ് ഹൈദരലി ശിഹാബ് തങ്ങൾക്കും അന്ത്യ വിശ്രമം. ഖബറടക്കം നേരത്തെയാക്കിയതിനാൽ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ആയിരക്കണക്കിന് പേർ ഇന്നലെ പകലും പാണക്കാട്ടേക്ക് ഒഴുകിക്കൊണ്ടിരുന്നു.

Latest News