Sorry, you need to enable JavaScript to visit this website.

വില വര്‍ധന ഭീതി; ഇന്ത്യക്കാര്‍ പെട്രോളും ഡീസലും പാചക എണ്ണയും വാങ്ങിക്കൂട്ടുന്നു

മുംബൈ- അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വന്‍ തോതില്‍ വില വര്‍ധിപ്പിക്കുമെന്ന അഭ്യൂഹം പരന്നതോടെ രാജ്യത്തുടനീളം ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങിക്കൂട്ടി. പലയിടത്തും പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിയമസഭാതെരഞ്ഞെടുപ്പ് അവസാനിക്കാത്തതിനാല്‍ ഇന്ത്യയില്‍ ഇന്ധന വില വര്‍ധന ഉണ്ടായിട്ടില്ല. തിങ്കളാഴ്ച യുപിയില്‍ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിക്കുമെന്നാണ് വ്യാപക പ്രചരണമുണ്ടായത്. എണ്ണ വിലയില്‍ 15 രൂപ മുതല്‍ 20 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്ന റിപാര്‍ട്ടുകളും ഈയിടെ പുറത്തു വന്നിരുന്നു. 

വന്‍ വര്‍ധന ഉണ്ടാകുമെന്ന സൂചന പരന്നതോടെ ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങിക്കൂട്ടി. നവംബര്‍ നാലിനു ശേഷം ഇന്ത്യയില്‍ ഇന്ധന വില വര്‍ധന ഉണ്ടായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാലായിരുന്നു ഇത്. ഇതിനിടെ റഷ്യ യുക്രൈനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വില രാജ്യാന്തര വിപണിയില്‍ കുതിച്ചുയരുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പുറമെ 2008നും ശേഷം ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തതാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ വില വര്‍ധന നിലവില്‍ വന്നേക്കുമെന്ന് അഭ്യൂഹം ശക്തമാക്കിയത്. 

യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ പാചക എണ്ണയുടെ വിലയിലും വര്‍ധന ഉണ്ടാകുമെന്ന രാജ്യത്ത് പലയിടത്തും പ്രചാരണം നടക്കുന്നുണ്ട്. ഒരു മാസത്തിനിടെ പാചക എണ്ണയുടെ വിലയില്‍ 20 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടൊപ്പം എണ്ണ വലി ഉയരുമെന്ന വ്യാജ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതുകാരണം പലയിടത്തും ആളുകള്‍ പാചക എണ്ണയും കൂടുതല്‍ വാങ്ങി ശേഖരിക്കുന്നതായാണ് റിപോര്‍ട്ട്. 

ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന പാചക എണ്ണയില്‍ 14 ശതമാനം വരുന്ന സണ്‍ഫ്‌ളവര്‍ ഓയില്‍ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതാണ് വിലവര്‍ധന ഭീതി പരത്താന്‍ ഒരു കാരണം. എന്നാല്‍ മറ്റു പാചക എണ്ണകളുടെ ലഭ്യതയില്‍ ആശങ്കയില്ലെന്നും വേണ്ടത്ര സ്റ്റോക്ക് ഉണ്ടെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Latest News