റിയാദ് - പ്രതിരോധ വ്യവസായ മേഖലയിൽ പരസ്പര സഹകരണത്തിന് മുൻനിര ആഗോള കമ്പനികളുമായി സൗദി നിക്ഷേപ മന്ത്രാലയം 12 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോയുടെ രണ്ടാം ദിനമായ ഇന്നലെയാണ് ഇത്രയും ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ഗവർണർ എൻജിനീയർ അഹ്മദ് അൽഊഹലി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവെച്ചത്.
സൗദിയിൽ സൈനിക വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനും രാജ്യത്ത് വിജയകരമായി പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ആയുധ നിർമാണ കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങൾ സൗദിയിൽ സ്ഥാപിക്കുന്ന കാര്യം വിശകലനം ചെയ്യാനും ധാരണാപത്രങ്ങളിലൂടെ ലക്ഷ്യമിടുന്നു. വിഷൻ 2030 പദ്ധതി അനുസരിച്ച ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ് പ്രതിരോധ മേഖലാ നിക്ഷേപമെന്ന് വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. പ്രതിരോധ വ്യവസായ മേഖലയിൽ സാങ്കേതികവിദ്യകൾ സ്വദേശിവൽക്കരിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.
സൈനിക വ്യവസായ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപകർക്ക് സൗദി അറേബ്യ 100 ശതമാനം ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്യുന്നു. 2030 ഓടെ ഈ മേഖലയിലെ നിക്ഷേപങ്ങൾ 3,700 കോടിയിലേറെ റിയാലായി ഉയരും. 2030 ൽ പ്രതിരോധ വ്യവസായ മേഖല മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 1,700 കോടി റിയാലോളം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
കുറഞ്ഞ കാലയളവിൽ പ്രതിരോധ വ്യവസായ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഗാമി ഗവർണർ എൻജിനീയർ അഹ്മദ് അൽഊഹലി പറഞ്ഞു. 2016 ൽ സൈനിക ഉപകരണങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഗവൺമെന്റ് ധനവിനിയോഗത്തിന്റെ രണ്ടു ശതമാനം മാത്രമായിരുന്നു പ്രാദേശിക വിപണിയുടെ വിഹിതം. 2021 ൽ ഇത് 11.7 ശതമാനമായി ഉയർന്നു. 2030 ഓടെ ഇത് 50 ശതമാനത്തിലേറെയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും എൻജിനീയർ അഹ്മദ് അൽഊഹലി പറഞ്ഞു.
അതിനിടെ, അമേരിക്കൻ ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമായ താഡ് (തെർമൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ്) സിസ്റ്റത്തിന്റെ ഭാഗങ്ങൾ സൗദിയിൽ നിർമിക്കാനുള്ള രണ്ടു പദ്ധതികൾക്ക് അനുമതി നൽകിയതായി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് അറിയിച്ചു. ഇന്റർസെപ്റ്റർ മിസൈൽ ലോഞ്ചറുകളും മിസൈൽ കണ്ടെയ്്‌നറുകളും പ്രാദേശികമായി നിർമിക്കാനുള്ള പദ്ധതിക്കാണ് അനുമതി. താഡ് സംവിധാനത്തിന്റെ നിർമാതാക്കളായ അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിനുമായാണ് ഇക്കാര്യത്തിൽ മിലിട്ടറി ഇൻഡസട്രീസ് ധാരണയായത്. 2030 ഓടെ സൈനിക ഉപകരണ, സേവന മേഖലയിലെ സർക്കാർ ധനവിനിയോഗത്തിന്റെ 50 ശതമാനത്തിലേറെ പ്രാദേശികമായി ചെലവഴിക്കാനുള്ള പദ്ധതിക്ക് അനുസൃതമായാണ് ഈ പദ്ധതിയെന്ന് ഗാമി ഗവർണർ എൻജിനീയർ അഹ്മദ് അൽഊഹലി പറഞ്ഞു. ലോക്ഹീഡ് മാർട്ടിൻ കമ്പനി 50 വർഷത്തിലേറെയായി സൗദി അറേബ്യയുമായി സഹകരിക്കുന്നുണ്ടെന്ന് ലോക്ഹീഡ് മാർട്ടിൻ സൗദി അറേബ്യ സി.ഇ.ഒ ജോസഫ് റാൻക് പറഞ്ഞു.