തലശ്ശേരി- സി.പി.എം പ്രവർത്തകൻ പുന്നോലിലെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഈ മാസം 10 ന് കണൂർ ജുഡീഷ്യൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പ്രതികളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കാനാണ് ഉത്തരവിട്ടത.് കേസിൽ ഇതു വരെ 13 പ്രതികൾ അറസ്റ്റിലായി. ഇതിൽ മൂന്ന് പേർ കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്നതായി അന്വേഷണ സംഘം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതക സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇനി പിടികൂടാനുള്ള പ്രതി ഒല്ലൂർ കവർച്ചാ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതക സംഘത്തിലുണ്ടായിരുന്ന ആറു പേരിലൊരാളാണ് പാറാൽ ചെമ്പ്ര സ്വദേശിയായ ഈ പിടികിട്ടാപ്പുള്ളി. ഒല്ലൂരിലെ വ്യാപാരിയുടെ 94 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി ഒല്ലൂർ പോലീസ് പാറാൽ ചെമ്പ്രയിലെ പ്രതിയുടെ വീട്ടിൽ നിരവധി തവണ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാറാൽ സ്വദേശിയായ മറ്റൊരു പ്രതി കൂടി ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളെയും പിടികൂടാനായിട്ടില്ല.
ഫെബ്രുവരി 21 ന് പുലർച്ചെ 1.30 മണിയോടെയാണ് സി.പി.എം സജീവ പ്രവർത്തകനായ ഹരിദാസനെ വീട്ടു മുറ്റത്തിട്ട് ജോലി കഴിഞ്ഞ് വരുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയത.് ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാംഗവുമായ കെ. ലിജേഷ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ലിജേഷാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പോലീസ് കോടതിക്ക് നൽകിയ റിമാന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.






