മോസ്‌കോ- റഷ്യ ഷെല്ലാക്രമണം തുടരുന്ന കിഴക്കന്‍ ഉക്രൈനിലെ സുമി നഗരത്തില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ തന്റെ സൈന്യം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞു.
പുടിനുമായി നടത്തിയ 50 മിനിറ്റ് ടെലിഫോണ്‍ സംഭാഷണത്തിനിടെ, സുമി നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി മോഡി അറിയിക്കുകയായിരുന്നു. എത്രയും വേഗം ഇവരെ ഒഴിപ്പിക്കാന്‍ സഹായിക്കണമെന്ന് മോഡി അഭ്യര്‍ഥിച്ചു.
റഷ്യന്‍, ഉക്രേനിയന്‍ സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ, 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിനായി ഒരു ഇടനാഴി സൃഷ്ടിക്കാനാണ് ഇന്ത്യ ഇരുരാജ്യങ്ങളേയും പ്രേരിപ്പിക്കുന്നത്.
സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രി മോഡിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.






