Sorry, you need to enable JavaScript to visit this website.

ജനങ്ങളെ സേവിക്കൽ പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം -മന്ത്രി എം.വി. ഗോവിന്ദൻ

കണ്ണൂർ-  ജനങ്ങളെ ഭരിക്കുകയല്ല, അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ  വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർക്കായി ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്. ജനസേവനത്തിന് നിയോഗിക്കപ്പെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണം. അനുനിമിഷം നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരണത്തിന്റെ ഭാഗമായാണ് അഞ്ച് വകുപ്പുകളായി പ്രവർത്തിച്ചിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏകീകരിച്ചത്. ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് ഫയൽ  നീക്കത്തിന്റെ തട്ടുകൾ  കുറക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 13 പേർ കാണുന്നിടത്ത് ഇനി മുതൽ ഫയൽ 3 പേർ കണ്ടാൽ മതിയാവും. ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകൾ ഉണ്ടാവും. ഫയലുകൾ ക്വറിയിട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാൻ ഇനി അനുവദിക്കില്ല. അപാകതകൾ അപേക്ഷകനെ കണ്ട് തിരുത്തൽ വരുത്തി അതിവേഗം സേവനം നൽകാൻ ഉദ്യോഗസ്ഥർ തയാറാകേണ്ടിവരും. ഇതിന് വിരുദ്ധമായി ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഗവൺമെന്റ് വിളിച്ച് വരുത്തും. പ്രാദേശിക ഗവൺമെന്റിന്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂർണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണം. ഫലപ്രദമായി ജനങ്ങളെ സേവിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും  മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ മനസ്സോടിത്തിരി മണ്ണ് കാമ്പയിനുമായി ബന്ധപ്പെട്ട് പെരിങ്ങോം സ്വദേശി കെ.വി.മാധവൻ 30 സെന്റ് സ്ഥലം നൽകുന്നതിന്റെ അനുമതിപത്രം മന്ത്രിക്ക് കൈമാറി. ജില്ലയിൽ നടത്തിയ അതിദാരിദ്ര്യ സർവേ ഡോക്യുമെന്റേഷൻ പ്രകാശനവും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എക്‌സിക്യൂട്ടീവ് അംഗം പി. മുകുന്ദൻ, ഗ്രാമപഞ്ചായത്ത്  അസോസിയേഷൻ പ്രസിഡന്റ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.പി. ഷാജിർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.

Latest News