കണ്ണൂർ- വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനാവശ്യമായ നിർണായകമായ ചർച്ചകളും തീരുമാനങ്ങളും കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഉണ്ടാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് വേദിയാവുന്ന കണ്ണൂരിലെ നായനാർ അക്കാദമിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് പ്രമേയം പാർട്ടി നേതൃത്വം ഏകകണ്ഠമായി അംഗീകരിച്ചു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പ്രായോഗികമായി എന്തു ചെയ്യാനാവുമെന്നാണ് പ്രധാനമായും ചർച്ച ചെയ്യുക. പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസിന് വേദിയാവുന്ന നായനാർ അക്കാദമിയിലെ ഡിജിറ്റൽ മ്യൂസിയം ഒരാഴ്ചക്കകം പൂർത്തിയാവും. ബംഗളൂരു, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് മ്യൂസിയത്തിലെ പ്രതിമകൾ തയാറായിരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിളിച്ചോതുന്നതാവും ഈ മ്യൂസിയം. സമ്മേളന വേദിയുടെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാവും. പാർട്ടി കോൺഗ്രസിന്റെ വിപുലമായ സ്വാഗത സംഘം യോഗം ഈ മാസം 20 ന് നടക്കുമെന്നും കോടിയേരി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ അക്കാദമി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഡോ.വി.ശിവദാസൻ എം.പി, എ.എൻ.ഷംസീർ എം.എൽ.എ, മുൻ എം.എൽ.എമാരായ ജെയിംസ് മാത്യു, ടി.വി.രാജേഷ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ തുടങ്ങിയവർ കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
പാർട്ടി കോൺഗ്രസിന്റെ പ്രധാന വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ അടക്കം കോടിയേരി നേരിട്ട് വിലയിരുത്തി. കരാറുകാരുമായി ചർച്ച നടത്തി. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂർ നായനാർ അക്കാദമിയിലാണ് പാർട്ടി കോൺഗ്രസ് നടക്കുക. കണ്ണൂർ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാവുന്നത്.
മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ നൽകിയ കത്തുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എസ്.രാജേന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഈ കത്തുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനു മുമ്പ് തീരുമാനം പറയാനാവില്ലെന്നും കോടിയേരി പറഞ്ഞു.
ഇടുക്കിയിൽ എം.എം.മണിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജേന്ദ്രന്റെ രാജിയിലേക്ക് നയിച്ചതെന്ന് പറയുന്നുവല്ലോ എന്ന ചോദ്യത്തിന് നിങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള കാരണങ്ങളല്ല അവിടുത്തേതെന്നും കോടിയേരി പറഞ്ഞു.