ഇടുക്കി- അടിമാലി നെല്ലിപ്പാറ വനമേഖലയില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പന നടത്തിയ എട്ട് അംഗ സംഘം വനപാലകരുടെ പിടിയിലായി. ഇവര്‍ ഉപയോഗിച്ച നാടന്‍ തോക്കുകളും പിടിച്ചെടുത്തു. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍ (രാധാകൃഷ്ണന്‍ 32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58), ശക്തിവേല്‍ (22), ഒഴുവത്തടം സ്വദേശി മനീഷ് ( റെഞ്ചു 39), പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആശിഖ് ( 26), മാങ്കുളം സ്വദേശി ശശി (58), ടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്( 35), കൊരങ്ങാട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് പിടികൂടിയത്.
ഫെബ്രുവരി 20നാണ് നെല്ലിപാറ വനമേഖലയില്‍ നിന്നും കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. തുടര്‍ന്ന് മാംസം അടിമാലി, പത്താം മൈല്‍, മാങ്കുളം എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തി. ഇവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി രതീഷ് പറഞ്ഞു. ഇവരെയും വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ എടുക്കും. അടുത്തിടെ വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ ജഡം സംസ്‌ക്കരിക്കുന്നതിനായി വനപാലകര്‍ വനത്തില്‍ എത്തിയപ്പോഴാണ് കാട്ടുപോത്തിന്റെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. ജി സന്തോഷ്, സജീവ്, സുധമോള്‍ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.






