ഇടിച്ചു തകര്‍ക്കരുത്, പണി പോകും: വോള്‍വോ ഡ്രൈവര്‍മാരോട് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനു വേണ്ടി വാങ്ങിയ ലക്ഷ്വറി വോള്‍വോ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം. അപകടമുണ്ടാക്കി വണ്ടി തകര്‍ത്താല്‍ പണി പോകും.
കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ ഇടിച്ചു തകര്‍ത്ത ഡ്രൈവര്‍മാരുടെ രീതിയില്‍ മാറ്റം വേണം. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം.

എട്ട് ലക്ഷ്വറി വോള്‍വോ ബസുകളാണ് തിരുവനന്തപുരത്ത് എത്തിയത്. കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ചാണിത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെതന്നെ ആദ്യ എട്ട് സ്ലീപ്പര്‍ ബസുകളാണിവയെന്നാണ് വിവരം.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി രൂപീകരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിനായാണ് ബസുകള്‍ എത്തിയിരിക്കുന്നത്. വോള്‍വോ ബി 11 ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മിച്ച ബസുകളാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനു വേണ്ടി എത്തുന്നത്. ആദ്യമായാണ് കോര്‍പ്പറേഷന്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും.

 

Latest News