മോസ്‌കോ- റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉക്രൈനിലെ സൈനിക ഓപ്പറേഷന്‍ അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധത്തെ 'യുദ്ധം പ്രഖ്യാപിക്കുന്നതിനോട്' അദ്ദേഹം ഉപമിച്ചു. അതിനിടെ, ഉപരോധിച്ച തുറമുഖ നഗരമായ മരിയുപോളില്‍ ഞായറാഴ്ച നടത്തിയ രണ്ടാമത്തെ വെടിനിര്‍ത്തല്‍ ശ്രമം വിഫലമായി. സിവിലിയന്‍മാരെ പോകാന്‍ അനുവദിക്കുന്നതിന് ഒരു മാനുഷിക ഇടനാഴി സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റഷ്യന്‍ അനുകൂല വിഘടനവാദികളും ഉക്രൈനിന്റെ നാഷണല്‍ ഗാര്‍ഡും പരസ്പരം ആരോപിച്ചു. കരിങ്കടല്‍ തുറമുഖ നഗരമായ ഒഡെസയില്‍ ബോംബാക്രമണം നടത്താന്‍ റഷ്യന്‍ സൈന്യം ഇപ്പോള്‍ തയാറെടുക്കുകയാണെന്ന് ഉക്രൈന്‍ പറഞ്ഞു. രണ്ടാം റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ പലായനം ചെയ്യുന്നവരുടെ എണ്ണം 1.5 ദശലക്ഷമായി ഉയര്‍ന്നു. ഇത് യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയായി മാറിയെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.






