ന്യൂദൽഹി- രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കാനുള്ള പ്രത്യേക വിമാനം 2020 ഓടെ സജ്ജമാവും. എയർ ഇന്ത്യ ഈയിടെ വാങ്ങിയ രണ്ട് ബോയിംഗ് 777-300 ഇ.ആർ വിമാനങ്ങളാണ് ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി ഇതിനായി സജ്ജമാക്കുന്നത്. വിമാനങ്ങളിൽ പ്രത്യേക വി.ഐ.പി കാബിനുകളും പത്രസമ്മേളന മുറി, അടിയന്തര വൈദ്യ സഹായം നൽകാൻ വേണ്ട സംവിധാനം തുടങ്ങിയവ ഉണ്ടാവും. മിസൈൽ വേധ സംവിധാനമടക്കം അത്യാധുനിക സുരക്ഷാ സജ്ജീകരണമുള്ള വിമാനം പൂർണമായും വൈഫൈ സൗകര്യമുള്ളതായിരിക്കും. ഇന്ത്യയിൽനിന്ന് അമേരിക്ക വരെ നിർത്താതെ പറക്കാൻ കഴിയുന്ന വിമാനമാണ് ബോയിംഗ് 777. അതുകൊണ്ടു തന്നെ അത്തരം ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് ഇന്ധനം നിറയ്ക്കാൻ വേണ്ടിവരുന്ന ലാൻഡിംഗ് സമയം ലാഭിക്കാനാവും.
വിമാന വ്യൂഹം നവീകരിക്കുന്നതിന്റെ ഭാഗമായി 68 ബോയിംഗ് 777 വിമാനങ്ങൾ വാങ്ങാൻ 2006 ലാണ് എയർ ഇന്ത്യ തീരുമാനിച്ചത്. ഇതിൽ അവസാനത്തെ മൂന്ന് വിമാനങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ലഭിച്ചു. ഇങ്ങനെ വാങ്ങിയ വിമാനങ്ങളിൽ രണ്ടെണ്ണം വി.വി.ഐ.പി യാത്രകൾക്കായി എയർ ഇന്ത്യയിൽനിന്ന് കേന്ദ്ര സർക്കാർ വാങ്ങുകയായിരുന്നു. പ്രത്യേകം വി.വി.ഐ.പി വിമാനങ്ങൾ ഉണ്ടാവുന്നതോടെ ഭാവിയിൽ ഇത്തരം ആവശ്യങ്ങൾക്കായി എയർ ഇന്ത്യക്ക് സ്വന്തം വിമാനം വിട്ടുകൊടുക്കേണ്ടിവരില്ല.ബോയിംഗ് 777-300 ഇ.ആർ വിമാനം






