ശ്രീനഗർ- കശ്മീർ രാഷ്ട്രീയ പ്രശ്‌നമല്ലെന്ന വിവാദ പരാമർശത്തിന്റെ പേരിൽ സംസ്ഥാന ധനമന്ത്രി ഹസീബ് ദ്രാബുവിന് പണി പോയി.
സംസ്ഥാനത്ത് പി.ഡി.പി-ബി.ജെ.പി ബന്ധത്തിന് രൂപം നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച സാമ്പത്തിക വിദഗ്ധൻ കൂടിയായ ദ്രാബുവിന്റെ പരാമർശത്തെ കശ്മീരിലെ രാഷ്ട്രീയ കക്ഷികളും വിഘടനവാദി സംഘടനകളും ഒരുപോലെ അപലപിച്ചിരുന്നു.
വിവാദ പരാമർശത്തെക്കുറിച്ച് വിശദീകരണം നൽകാനും പിൻവലിക്കാനും കഴിഞ്ഞ ദിവസം പി.ഡി.പി നേതൃത്വം ദ്രാബുവിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂദൽഹിയിൽ കഴിഞ്ഞ ദിവസം പി.എച്ച്.ഡി ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ജമ്മു കശ്മീരിനെ രാഷ്ട്രീയ പ്രശ്‌നങ്ങളുള്ള സംഘർഷ സംസ്ഥാനമായാണ് പലരും കാണുന്നത്. സാമൂഹിക പ്രശ്‌നങ്ങളും നിലവിലുള്ള സമൂഹമാണത്. എന്റെ കാഴ്ചപ്പാടിൽ അതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. അവിടത്തെ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് തെറ്റായ മരത്തിന് ചുവട്ടിലാണ് നമ്മൾ കുരച്ചുകൊണ്ടിരിക്കുന്നത്. സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന ആ സമൂഹത്തിലേക്കാണ് നാം ഗൗരവത്തോടെ നോക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
എന്നാൽ ദ്രാബുവിന്റെ പരാമർശത്തിനെതിരെ സംസ്ഥാനത്തെ എല്ലാ കക്ഷികളും രംഗത്തെത്തി. മന്ത്രി അതിരു കടന്നതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിനുപിന്നാലെയാണ് പുറത്താക്കാനുള്ള തീരുമാനം. കശ്മീർ രാഷ്ട്രീയ പ്രശ്‌നമെന്നു തന്നെയാണ് പി.ഡി.പിയുടെ നിലപാടെന്നും അതിന് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും പാർട്ടി വൈസ് പ്രസിഡന്റ് സർതാജ് മദ്‌നി പറഞ്ഞു.






