റഷ്യയെ തടയാന്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളോട് സഹായം തേടി യുക്രൈന്‍ മന്ത്രിയുടെ വിളി

കീവ്- പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങള്‍ വകവെക്കാതെ ആക്രമണം തുടരുന്ന റഷ്യയെ തടയാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ സഹായം യുക്രൈന്‍ തേടി. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യ ഉള്‍പ്പെടെ പലരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ശനിയാഴ്ച വിവിധ രാഷ്ട്ര നേതാക്കളുമായി ഫോണില്‍ സംസാരിച്ചാണ് ഇങ്ങനെ ആവശ്യപ്പെട്ടത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് റഷ്യ ആക്രമണം തുടരുകയാണെന്നും രാജ്യത്തെ ജനങ്ങളേയും വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയും ഒഴിപ്പിക്കുന്നതിനായി ആക്രമണം നിര്‍ത്തിവെക്കണമെന്നും റഷ്യയോട് മന്ത്രി കുലേബ അഭ്യര്‍ത്ഥിച്ചു.

30 വര്‍ഷത്തോളമായി യുക്രൈന്‍ ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീടു പോലെയായിരുന്നു. ഇവര്‍ക്കായി യുക്രൈന്‍ ട്രെയ്‌നുകളും മറ്റു സൗകര്യങ്ങളും ഹോട്ട് ലൈനുകളും ഒരുക്കിയിട്ടുണ്ടെന്നും എംബസികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കഴിയുന്ന എല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ റഷ്യ ചെയ്യുന്നത് ഈ വിദ്യാര്‍ത്ഥികളുടെ രാജ്യങ്ങളുടെ അനുതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശ വിദ്യാര്‍ത്ഥികളുടെ അവസ്ഥ കൗശലത്തോടെ ഉപയോഗിക്കുന്നത് റഷ്യ നിര്‍ത്തിയാല്‍ അവരെ സുരക്ഷിതമായി ഒഴിപ്പിക്കാനാകും. ഇന്ത്യ, ചൈന, നൈജീരി തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ഫോണില്‍ സംസാരിച്ച് റഷ്യയോട് വെടിനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദിമിത്രോ കുലേബ പറഞ്ഞു. 
 

Latest News