Sorry, you need to enable JavaScript to visit this website.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്;  കാസർകോടിന് നഷ്ടം  

കാസർകോട്- സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ കാസർകോട് ജില്ലയിൽനിന്ന് ആരുമില്ല. കെ.പി. സതീഷ് ചന്ദ്രനും എം.വി. ബാലകൃഷ്ണൻ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും വീണ്ടും സി.പി.എം  സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടുവെങ്കിലും സെക്രട്ടറിയേറ്റിലേക്ക് ഒരാൾ പോലും തെരഞ്ഞെടുക്കപ്പെടാതിരുന്നത് ജില്ലയിലെ സി.പി.എമ്മിൽ മ്ലാനത പരത്തി. മുൻ എം.എൽ.എയും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ കെ.പി. സതീഷ് ചന്ദ്രൻ പത്ത് വർഷത്തോളമായി സി.പി.എം സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇദ്ദേഹത്തിന് ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സെക്രട്ടറിയേറ്റിലുണ്ടായിരുന്ന ജില്ലയിലെ ഏക അംഗമായ പി. കരുണാകരൻ 75 വയസ്സ എന്ന പ്രായപരിധിയെ തുടർന്ന് ആ സ്ഥാനത്തുനിന്ന് ഒഴിവായി. എങ്കിലും അദ്ദേഹത്തെ ക്ഷണിതാവായി എടുത്തിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറിയായ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ സംസ്ഥാന കമ്മിറ്റിയിലെ പരിചിതനായ ഒരു മുഖമാണ്. ഉദുമ മണ്ഡലം എം.എൽ.എയായ സി.എച്ച്. കുഞ്ഞമ്പുവും സംസ്ഥാന കമ്മിറ്റിയിൽ നേരത്തെ തന്നെയുണ്ട്. വനിതകൾക്ക് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ കൂടുതൽ പ്രാതിനിധ്യം ഇത്തവണ നൽകുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി എന്നിവർ അതിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ജില്ലയിൽനിന്ന് ഇത്തവണ കൂടുതൽ പേരുണ്ടായില്ല. മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിലും നിലനിർത്തിയപ്പോൾ പി. കരുണാകരൻ സെക്രട്ടറിയേറ്റ് അംഗത്വത്തിൽനിന്ന് ഒഴിവായത് ഫലത്തിൽ ജില്ലയ്ക്ക് നഷ്ടമാണുണ്ടാക്കിയത്.  

Latest News