Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചിത്രം പത്തരവർഷത്തിന് ശേഷം പുറത്ത്

കാബുൾ- അഫ്ഗാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ചിത്രം പുറത്ത്. യു.എന്നിന്റെ ഭീകരരുടെ പട്ടികയിലുള്ള ഹഖാനിയുടെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഇദ്ദേഹത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമായിരുന്നില്ല. നാഷണൽ പോലീസിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുക്കുന്ന ഹഖാനിയുടെ ചിത്രമാണ് പുറത്തുവന്നത്. അഫ്ഗാൻ സർക്കാറിന്റെ വക്താവ് സൈബുല്ല മുജാഹിദാണ് ചിത്രം ട്വീറ്റ് ചെയ്തത്. അഫ്ഗാൻ ആഭ്യന്തര മന്ത്രി ഖലീഫ സാഹിബ് സിറാജുദ്ദീൻ ഹഖാനി ഹഫീസുല്ല എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. യു.എന്നിന്റെ ഭീകര പട്ടികയിലുള്ള ഹഖാനിയുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രം കാണിച്ചുള്ള ചിത്രമാണ് ഇതേവരെ ലഭ്യമായിരുന്നത്. ഇന്ത്യയുടെ അഫ്ഗാനിലുള്ള നിരവധി വസ്തുവകകൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്തത് ഹഖാനിയായിരുന്നു. ഇന്ത്യയുടെ എംബസിയിലടക്കം ആക്രമണം നടത്തിയതും ഇയാളായിരുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. 2021 സെപ്തംബറിൽ അഫ്ഗാൻ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷവും ഹഖാനിയുടെ ചിത്രം പുറത്തുവിടാതെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുയായിരുന്നു താലിബാൻ സർക്കാർ ചെയ്തത്. താലിബാൻ സർക്കാറിന്റെ നിരവധി ഔദ്യോഗിക പരിപാടികളിലും ഹഖാനിയുടെ ചിത്രം സമർത്ഥമായി മറച്ചുവെച്ചു. ഹഖാനിയുടെ മുഖം വരുന്ന ഭാഗം മങ്ങിയ നിലയിലാക്കിയോ പൂക്കളുടെയും മറ്റും പിറകിൽ ഇദ്ദേഹത്തെ ഇരുത്തിയുമായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. ഹഖാനിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ മറ്റു ലോകരാജ്യങ്ങൾ പ്രതിഷേധം ഉയർത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിടാതിരുന്നത്. എന്നാൽ, താലിബാൻ സർക്കാറിനോട് ലോക രാജ്യങ്ങൾ ഔദ്യോഗികമായല്ലെങ്കിലും ഇടപഴകാൻ തുടങ്ങിയിരിക്കുന്നു. ഹഖാനിയുടെ ചിത്രം പുറത്തുവിട്ടാൽ ലോകം ഏത് രീതിയിൽ പ്രതികരിക്കും എന്ന് കൂടി തിരിച്ചറിയാനാണ് പുതിയ നീക്കം നടത്തിയിരിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്. പാക്കിസ്ഥാനാണ് സർക്കാറിനെ നിയന്ത്രിക്കുന്നത് എന്ന ആരോപണത്തിൽനിന്ന് പുറത്തുകടക്കാൻ കൂടിയാണ് താലിബാൻ പുതിയ നീക്കം നടത്തിയിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാനെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരു മുൻ റിസർച്ച് ആന്റ് അനാലിസിസ് വിംഗ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. 

Latest News