മഞ്ചേരി-മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തിപൊളിച്ചു ആഭരങ്ങളും പണവും മറ്റും കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് മഞ്ചേരി പോലീസിന്റെ പിടിയില്‍.
തൃശൂര്‍ അണ്ടത്തോട് ചെറായി തൊട്ടുങ്ങല്‍ ഷജീറിനെയാണ് (37) ആഡംബര വാഹനവുമായി കളവു നടത്താന്‍ വരുന്നതിനിടെ തുറക്കല്‍ ബൈപാസില്‍നിന്നു മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയും സംഘവും പിടികൂടിയത്.
മഞ്ചേരിയിലും പരിസരങ്ങളിലും അടുത്തകാലത്തായി നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജിയുടെ വീട്ടില്‍ ഉള്‍പ്പെടെ കവര്‍ച്ച നടന്നു. മോഷണം പതിവായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തുടര്‍ന്നു സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സമാന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെകുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2007 മുതല്‍ കളവു മാത്രം തൊഴിലാക്കിയ പ്രതി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. തൊട്ടടുത്തുള്ള ടൗണില്‍ ജോലിയെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് കാറിലും ബൈക്കിലും കറങ്ങി ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി അര്‍ധരാത്രിയില്‍ ഉപകരണങ്ങളുമായി എത്തി കളവ് നടത്തുകയായിരുന്നു രീതി.
പ്രതിയില്‍ നിന്ന്, കാര്‍, മോട്ടോര്‍ സൈക്കിള്‍, 30 പവന്‍ സ്വര്‍ണഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍, വാച്ചുകള്‍, ടാബ് തുടങ്ങിയ കളവു മുതലുകള്‍ കണ്ടെടുത്തു. സ്വര്‍ണാഭരണങ്ങള്‍ പ്രതി, പട്ടാമ്പിയിലെ ജ്വല്ലറിയിലും വാച്ച്, കാമറ തുടങ്ങിയവ പെരിന്തല്‍മണ്ണയിലെ ഷോപ്പിലും വില്‍പ്പന നടത്തിയതായും കളവു മുതല്‍ ഉപയോഗിച്ച് കാറും മോട്ടോര്‍ സൈക്കിളും സ്വന്തമാക്കിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വടക്കേക്കാട്, പെരുമ്പടപ്പ്, പൊന്നാനി, ചാവക്കാട്, ആലുവ, ഗുരുവായൂര്‍ ക്ഷേത്രം, പെരുമ്പാവൂര്‍, എറണാകുളം നോര്‍ത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി അമ്പതിലധികം കളവു കേസുകള്‍ നിലവിലുണ്ട്.
വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് പ്രതി. മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത്ദാസ്, എ.എസ്.പി ഷാഹുല്‍ ഹമീദ്, മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് എന്നിവരുടെ നിര്‍ദേശ പ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി.അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ വിവേക്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. ഹരിലാല്‍, അനീഷ് ചാക്കോ, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പുവത്തി,
ആര്‍. ഷഹേഷ്, അബ്ദുള്‍ റഷീദ്, തൗഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.






