കൊച്ചി- രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോടുള്ള അവഗണന കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് പാക്കേജ് അനുവദിക്കണമെന്നും സിപിഎം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ കണക്കനുസരിച്ച് വിദേശനാണയ ശേഖരത്തിലുള്ള 63,400 കോടി രൂപ നല്കുന്നതില് ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച 2000 കോടി രൂപയുടെ പ്രവാസി പുനരുദ്ധാരണ പാക്കേജു പോലും പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. അവരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഏര്‍പ്പാടാക്കിയ വന്ദേഭാരത് സര്‍വീസ് പോലും കൂലി ഈടാക്കാനാണ് തയ്യാറായത്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ലോകകേരള സഭ കേരളത്തിന്റെ വികസനത്തിന് പ്രവാസികളെ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചത്. ഇതിന്റെ ശുപാര്‍ശകള്‍ വിവിധ തലങ്ങളില്‍ നടപ്പാക്കി വരികയാണ്. കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 200 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചുകൊണ്ടാണ് ഇടപെടല്‍ നടത്തിയത്. പ്രവാസികളുടെ പുനരധിവാസത്തില്‍ ഏറെ അധികാരവും വിഭവസാധ്യതയുമുള്ള കേന്ദ്രസര്‍ക്കാര്‍ വലിയ അവഗണനയാണ് പ്രവാസികളോട് കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
പ്രവാസി സമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും വന്നുകൊണ്ടിരിക്കുന്ന പുതിയ നിയമങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം വലിയ പ്രതിസന്ധിയിലേക്ക് പ്രവാസി സമൂഹത്തെ തള്ളിവിട്ടു. തൊഴില്‍ നഷ്ടവും ജീവിത ചെലവിലുണ്ടായ വന്‍തോതിലുള്ള വര്‍ധനവും പൊതുവില്‍ കൂട്ടത്തോടെയുള്ള തിരിച്ചു പോക്കിന് പ്രവാസികളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.






