ജയിലില്‍നിന്ന് പുറത്തിറങ്ങി കിരണ്‍കുമാര്‍; വിസ്മയ കേസില്‍ നിരപരാധിത്വം തെളിയിക്കും

കൊല്ലം- വിസ്മയ കേസില്‍ വിചാരണ തടവുകാരനായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാര്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി. സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും കിരണ്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേസില്‍ താന്‍ നിരപരാധിയാണ്. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്ന് കിരണ്‍കുമാര്‍ പറഞ്ഞു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കിരണ്‍ കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ കേസില്‍ രണ്ട് ദിവസം മുമ്പ് കിരണ്‍ കുമാറിന് സുപ്രിം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കഴിഞ്ഞ ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തിലെ ടോയ്‌ലറ്റില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീധനമായി ലഭിച്ച കാര്‍ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലുള്ള വീട്ടിലും വെച്ച് കിരണ്‍ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു

 

Latest News