Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കടത്ത്: ഇന്ത്യൻ യുവാവിന്  പത്ത് വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും

ദമാം- ഇന്ത്യയിൽ നിന്നു സൗദിയിലേക്ക് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മരുന്ന് കടത്തിയ കേസിൽ പ്രതിയായ യുവാവിന് 10 വർഷം തടവും ആയിരം അടിയും  ഒരു ലക്ഷം റിയാൽ പിഴയും ശേഷം നാടുകടത്തലും ശിക്ഷ വിധിച്ചു.  ദമാം ക്രിമിനൽ കോടതിയുടേതാണ് ശിക്ഷ. കർണാടകയിലെ കുടക് സ്വദേശി മനാഫ് മൊയതുവിനാണ് (29) ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ മുംബൈയിൽനിന്ന് ബഹ്‌റൈൻ വഴി ദമാമിലേക്ക് ഗൾഫ് എയർ വിമാനത്തിലാണ് മനാഫ് ദമാമിലെത്തി കസ്റ്റംസ് പിടിയിലായത്. മനാഫിന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ രഹസ്യ അറകളിൽനിന്നും 13568 വേദന സംഹാരി ഗുളികകൾ കണ്ടെത്തിയതാണ് പിടിയിലാവാൻ കാരണം. മനാഫ് കടത്തിയ മരുന്ന് സൗദി അറേബ്യയിൽ നിരോധിച്ച ഗണത്തിൽപ്പെട്ടവയായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തി ഉടൻ റിമാന്റ് ചെയ്യുകയായിരുന്നു. 
കുടകിലെ സ്വകാര്യ ട്രാവൽ ഏജൻസി ജീവനക്കാരനായ സമീർ സൗഹൃദത്തിന്റെ പേരിൽ കൂട്ടുകാരനെ ഏൽപ്പിക്കാൻ തന്ന ബാഗിൽ ഗുളികകൾ ഒളിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മനാഫ് വിചാരണ വേളയിൽ കോടതിയിൽ പറഞ്ഞത്. 
എയർ ടിക്കറ്റും വിസയും സൗജന്യമായി നൽകുകയും ദമാമിലെത്തിയാൽ ജോലിയും മനാഫിന് സമീർ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ദമാം വിമാനത്താവളത്തിൽവെച്ചു തന്നെ മനാഫ് പിടിക്കപ്പെടുകയായിരുന്നു. സൗദി അറേബ്യയിൽ നിരോധിക്കപ്പെട്ട ഉറക്ക ഗുളികകൾ കടത്താൻ ശ്രമിച്ചു  എന്നതായിരുന്നു മനാഫിനെതിരെയുള്ള കേസ്. ഇത്തരം ഗുളികകളിൽ മയക്കുമരുന്നിന്റെ അംശങ്ങളുള്ളതുകൊണ്ട് പ്രതി യഥാർഥത്തിൽ മയക്കുമരുന്ന് കടത്താനാണ് ശ്രമിച്ചതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു പ്രൊസിക്യൂഷൻ വാദം. എന്നാൽ പ്രതി കുറ്റം നിഷേധിച്ചു. താൻ അറിഞ്ഞു കൊണ്ടല്ല ഇതു ചെയ്തതെന്നും കൂട്ടുകാരനായ സമീർ ചതിക്കുകയായിരുന്നുവെന്നും ബാഗിൽ ഡ്രസ് മാത്രമാണുള്ളതെന്നാണ് പറഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് ബാഗുമായി വന്നതെന്നുമാണ് പ്രതി കോടതിയിൽ മൊഴി നൽകിയത്. കോടതി രാസപരിശോധനാ റിപ്പോർട്ടും സാക്ഷികളെയും വിശദമായി വിസ്തരിച്ചതിന് ശേഷം, പ്രതി അറിഞ്ഞുകൊണ്ടുതന്നെയാണ് കൃത്യം നിർവഹിച്ചതെന്നും പക്ഷേ, ഇന്ത്യയിൽ മാനസിക വിഭ്രാന്തിയുള്ളവർക്ക് മാത്രം ഉറക്കത്തിനും മയക്കത്തിനും ഡോക്ടർമാർ നൽകുന്ന ഇനത്തിൽപ്പെട്ടവയായതുകൊണ്ടും കുറ്റം സ്വയമം ഗീകരിക്കാൻ തയ്യാറാവാത്തതുകൊണ്ടും പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണെന്നും എന്നാൽ വലിയ ശിക്ഷ തന്നെ പ്രതിയർഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 
അതുപ്രകാരം പ്രതിക്ക് 10 വർഷം തടവും ആയിരം അടിയും ഒരു ലക്ഷം റിയാൽ പിഴയും  ശേഷം നാടുകടത്തലും വിധിക്കുകയായിരുന്നു. പ്രതിക്ക് മേൽകോടതിയെ സമീപിക്കുന്നതിന് കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. പ്രതി വധശിക്ഷ തന്നെ അർഹിക്കുന്നുവെന്നും അത്രക്കും ഗൗരവമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ മേൽകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 
2017ൽ മാത്രം ദമാം ക്രിമിനൽ കോടതിയിൽ മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിൽ ഏറെയും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ നാടുകളിൽപ്പെട്ടവരായിരുന്നു. ഇന്ത്യയിൽ നിന്നും മലയാളികളുടെ എണ്ണത്തിലും ഒട്ടും കുറവുണ്ടായിരുന്നില്ല. കർണാടകയിലെ കുടക് സ്വദേശികളാണെങ്കിലും ഈ റാക്കറ്റിൽപ്പെട്ട മുഴുവൻ പേരും മലയാളികളാവാനാണ് സാധ്യത. ഇത്തരം റാക്കറ്റുകൾ പലവിധ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകി പാവപ്പെട്ട ചെറുപ്പക്കാരെയാണ് വഞ്ചിക്കുന്നത്.  കരിയർമാരാവുക വഴി സ്വന്തം ജീവിതം തന്നെയാണ് നഷ്ടപ്പെടുത്തേണ്ടി വരികയെന്നും ഇത്തരം കൃത്യങ്ങളെ തൊട്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദമാം ക്രിമിനൽ കോടതി പരിഭാഷകൻ മുഹമ്മദ് നജാത്തി പറഞ്ഞു.

Latest News