ഒരു മൃതദേഹത്തിനു പകരം 10 പേരെ കൊണ്ടുവരാം; കര്‍ണാടക ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദമായി

ബെംഗളുരു- യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ നവീന്‍ ശേഖരപ്പ ഗ്യാനഗൗഡയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അനിശ്ചിതമായി നീളുന്നതിനിടെ ഇതു സംബന്ധിച്ച ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദമായി. വിമാനത്തില്‍ മൃതദേഹത്തിന് കൂടുതല്‍ ഇടം വേണമെന്നും ഒരു മൃതദേഹത്തിനു വേണ്ടുന്ന സ്ഥലത്ത് 10 പേരെ ഇരുത്താമെന്നുമാണ് ഹുബ്ലി-ധാര്‍വാഡ് എംഎല്‍എ അരവിന്ദ് ബെല്ലാഡ് പറഞ്ഞത്. നവീനിന്റെ മൃതദേഹം എന്ന് തിരിച്ചെത്തിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

ജീവനോടെ ഇരിക്കുന്നവര തന്നെ തിരിച്ചു കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. മൃതദേഹത്തിന് വിമാനത്തില്‍ കൂടുതല്‍ ഇടം വേണം.  ബോഡി കൊണ്ടുവരുന്നത് അതിലേറെ പ്രയാസമായതിനാലാണ് വൈകുന്നതെന്നും എംഎല്‍എ പറഞ്ഞു. 
സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. യുക്രൈനില്‍ യുദ്ധം നടക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ശ്രമിച്ചു വരികയാണ്. സാധ്യമെങ്കില്‍ മൃതദേഹം തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News