Sorry, you need to enable JavaScript to visit this website.

നിഷ്പക്ഷ നിലപാട് ഇന്ത്യയെ റഷ്യന്‍ ക്യാമ്പിലെത്തിച്ചെന്ന് യുഎസ്; പിന്നാലെ തിരുത്തി

ന്യൂദല്‍ഹി- റഷ്യ യുക്രൈനില്‍ നടത്തുന്ന ആക്രമണം സംബന്ധിച്ച നിഷ്പക്ഷ നിലപാട് ഇന്ത്യയേയും യുഎഇയേയും റഷ്യയ്ക്ക് അനുകൂലമാക്കി എന്ന് യുഎസ് വിദേശകാര്യ വകുപ്പ്. ലോകത്തൊട്ടാകെയുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധകള്‍ക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിലാണ് (കേബ്ള്‍) യുഎസ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് യുഎസ് നവമാധ്യമമായ അക്‌സിയോസ് റിപോര്‍ട്ട് ചെയ്തു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വമുള്ള 50ഓളം രാജ്യങ്ങളിലെ യുഎസ് അംബാസഡര്‍മാര്‍ക്കാണ് യുഎസ് ഈ കേബിള്‍ തിങ്കളാഴ്ച അയച്ചത്. എന്നാല്‍ ഇത് അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച വൈകുന്നേരത്തോടെ പിന്‍വലിക്കുകയും ചെയ്‌തെന്ന് അക്‌സിയോസ് റിപോര്‍ട്ട് ചെയ്യുന്നു. 

ഈ സന്ദേശത്തിലെ ഭാഷ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. കേബിള്‍ അബദ്ധത്തില്‍ അയച്ചതാണെന്നും അതുകൊണ്ടാണ് പിന്‍വലിച്ചതെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് വ്യക്തമാക്കി. ഈ കേബിളില്‍ തെറ്റായ ഭാഷയാണ് പ്രയോഗിച്ചതെന്നും അബദ്ധത്തില്‍ അയച്ചതാണെന്നും ന്യൂദല്‍ഹിയിലെ യുഎസ് എംബസി വക്താവും പ്രതികരിച്ചു.

റഷ്യയ്‌ക്കെതിരെ ഇതുവരെ യുഎന്‍ വേദികളില്‍ നടന്ന വോട്ടെടുപ്പുകളില്‍ നിന്നെല്ലാം ഇന്ത്യ വിട്ടു നിന്നിരുന്നു. ഏറ്റവുമൊടുവില്‍ 141 രാജ്യങ്ങളുടെ പിന്തുണയോടെ യുഎന്‍ പൊതുസഭ പാസാക്കിയ റഷ്യയെ എതിര്‍ക്കുന്ന പ്രമേയത്തേയും ഇന്ത്യ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തിരുന്നില്ല.

Latest News