Sorry, you need to enable JavaScript to visit this website.

വേഗത്തിലോടുന്ന രണ്ട് ട്രെയ്‌നുകള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി പരീക്ഷണത്തില്‍ റെയില്‍വെ മന്ത്രിയും

ഹൈദരാബാദ്- രണ്ട് ട്രെയ്‌നുകള്‍ മുഴുവന്‍ വേഗതയുമെടുത്ത് നേര്‍ക്കുനേര്‍ ഓടിച്ച് നടത്തുന്ന നിര്‍ണായക കൂട്ടിയിടി പരീക്ഷണം ഇന്ന് സെക്കന്തരാദബാദില്‍ നടക്കും. റെയില്‍വെ മന്ത്രി യാത്ര ചെയ്യുന്ന ട്രെയ്‌നിനു നേരെ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ യാത്ര ചെയ്യുന്ന മറ്റൊരു ട്രെയ്ന്‍ അതിവേഗത്തില്‍ പാഞ്ഞടുക്കും. എന്നാല്‍ കൂട്ടിയിടിക്കില്ല. ട്രെയ്‌നുകളുടെ കൂട്ടിയിടി ഒഴിവാക്കാനായി ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കവച് എന്ന ഓട്ടോമാറ്റിക് ട്രെയ്ന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനം ഈ കൂട്ടിയിടി ഒഴിവാക്കും. ഈ സംവിധാനത്തിന്റെ അന്തിമഘട്ട പരീക്ഷണമാണിത്. ട്രെയ്ന്‍ അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കന്‍ ലക്ഷ്യമിട്ടുള്ളതാണ് കവച് സംവിധാനം.

ഒരേ ട്രാക്കിലൂടെ തന്നെ മറ്റൊരു ട്രെയ്ന്‍  എതിരെ വന്നാല്‍ ഒരു നിശ്ചിത ദൂരം അകലെ നിന്നു തന്നെ ഇത് തിരിച്ചറിഞ്ഞ് ഒരു ട്രെയ്ന്‍ സ്വയം നിര്‍ത്തുന്ന സംവിധാനമാണ് കവച്. റെഡ് സിഗ്നല്‍ മറികടന്നോ, അല്ലെങ്കില്‍ സാങ്കേതിക പിഴവുകള്‍ കാരണമോ ലോക്കോപൈലറ്റിനുണ്ടാകുന്ന അബദ്ധങ്ങള്‍ സ്വയം തിരിച്ചറിയുന്ന ഡിജിറ്റല്‍ സംവിധാനമാണ് കവചില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ 50 ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ ആഗോള തലത്തില്‍ ഇത് രണ്ട് കോടി രൂപയോളമാണെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. 

സെക്കന്തരാബാദിലെ സനത്‌നഗര്‍-ശങ്കര്‍പള്ളി സെക്ഷനില്‍ സ്ഥാപിച്ച കവച് സംവിധാനത്തിന്റെ പരീക്ഷണമാണ് വെള്ളിയാഴ്ച നടക്കുന്നത്. നേര്‍ക്കു നേര്‍ വരുമ്പോഴുണ്ടാകുന്ന കൂട്ടിയിടി, ഒരു ട്രെയ്‌നിനു പിന്നില്‍ മറ്റൊരു ട്രെയ്ന്‍ ഇടിക്കുന്നത്, സിഗ്നല്‍ മറികടന്ന് വരുമ്പോഴുണ്ടാകുന്ന കൂട്ടിയിടി എന്നീ മൂന്ന് അപകട സാഹചര്യങ്ങളെ കവച് എങ്ങനെ തടയുന്നു എന്നാണ് ഇവിടെ പരീക്ഷിക്കുന്നത്. 

Latest News