Sorry, you need to enable JavaScript to visit this website.

നീതിയുടെ വെളിച്ചം അണയുന്നില്ല

വലിയ കോലാഹലം സൃഷ്ടിച്ച ഹാദിയ -– ഷെഫിൻ ജഹാൻ കേസിൽ സുപ്രീം കോടതി വിധി ഇന്ത്യൻ വനിതകൾക്കുള്ള പരമോന്നത നീതിപീഠത്തിന്റെ അന്താരാഷ്ട്ര വനിതാദിന സമ്മാനമായി വേണം കണക്കാക്കാനെന്നു തോന്നുന്നു.
പ്രായപൂർത്തിയായ രണ്ടുപേർ സ്വന്തം തീരുമാനപ്രകാരം നടത്തിയ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ 2017 മെയ് മാസത്തെ വിധി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവരുൾപ്പെട്ട ബെഞ്ച് ചരിത്രപ്രധാനമായ ഒരു വിധിയിലൂടെ അസാധുവാക്കി. പ്രായപൂർത്തിയായ ഒരു യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വന്തം ഇഷ്ടമനുസരിച്ച് സ്വജീവിതം കരുപ്പിടിപ്പിക്കാനുമുള്ള അവകാശമാണ് ഈ വിധിയിലൂടെ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവർത്തിച്ചുപോരുന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) യുടെ ലൗജിഹാദ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കോടതിയുടെ കണ്ടെത്തൽ അവരുടെ സമാനമായ പല കണ്ടെത്തലുകളുടെയും അടിത്തറ തന്നെയാണ് ഇളക്കിയിരിക്കുന്നത്. പ്രായപൂർത്തിയായ ഹാദിയാ - ഷെഫിൻ ജഹാൻ ദമ്പതിമാരുടെ വിവാഹത്തെപ്പറ്റിയുള്ള അന്വേഷണം തുടരുന്നതിൽ നിന്നും എൻ ഐ എയെ വിലക്കിയ സുപ്രീം കോടതി അവരുടെ വിവാഹം അസാധുവായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിയെയും ചോദ്യം ചെയ്തു. 
തങ്ങൾക്ക് സ്വീകാര്യമല്ലെന്നതുകൊണ്ട് രാഷ്ട്രത്തിന് പ്രായപൂർത്തിയായവരുടെ നിയമാധിഷ്ഠിത വിവാഹത്തിൽ ഇടപെടാൻ യാതൊരു അവകാശവുമില്ലെന്ന് വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
കേരള ഹൈക്കോടതി ഹാദിയ - ഷെഫിൻ ജഹാൻ വിവാഹം റദ്ദാക്കി നൽകിയ ഉത്തരവ് ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു. പ്രായപൂർത്തിയായ രണ്ടുപേർ സ്വന്തം തീരുമാനപ്രകാരം നടത്തിയ വിവാഹം അസാധുവാക്കാൻ ഒരു കോടതിക്കും അവകാശമില്ല. ഇക്കാര്യത്തിൽ ഹിന്ദുമത വിശ്വാസികളായ മാതാപിതാക്കളുടെ ഉൽക്കണ്ഠ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ പ്രായപൂർത്തിയായ മക്കളുടെ വിവാഹം മാതാപിതാക്കളുടെ അഭീഷ്ടത്തിനും അനുമതിക്കും വിധേയമായേ പാടുള്ളൂവെന്ന് ശഠിക്കുന്നതും ഉന്നത നീതിപീഠങ്ങൾ പോലും അത്തരം പുരുഷാധിപത്യ യുക്തികൾക്ക് വഴങ്ങിക്കൊടുക്കുന്നതും മിതമായ ഭാഷയിൽ ഭരണഘടനാ തത്വങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. 
കേരളം പോലെ മിശ്രവിവാഹങ്ങളും മതേതര വിവാഹങ്ങളും സാധാരണമായിക്കഴിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്ത് ഹൈക്കോടതി പോലും മനുവാദ യുക്തികൾക്ക് വഴങ്ങേണ്ടിവന്നുവെന്നത് യാദൃഛികമല്ല. നവോത്ഥാന പ്രസ്ഥാനങ്ങളടക്കം സുദീർഘമായ സാമൂഹ്യ വിപ്ലവങ്ങളിലൂടെ കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നമുക്കിടയിൽ നടന്നുവരുന്നത്.
 ചാതുർവർണ്യ വ്യവസ്ഥയും അതിന്റെ അനുബന്ധമായ പ്രതിലോമ ജാതിചിന്തകളും ആചാരങ്ങളും പുനഃസ്ഥാപിക്കാൻ കൊണ്ടുപിടിച്ചുള്ള യത്‌നങ്ങളാണ് നടക്കുന്നത്. അതിന്റെ പ്രതിഫലനമാണ് സദാചാര ഗുണ്ടായിസമടക്കം പ്രതിരോധിക്കപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമായ അനഭിലഷണീയ പ്രവണതകൾ. മതന്യൂനപക്ഷങ്ങൾക്കിടയിൽ പോലും അത് ആഴത്തിൽ വേരോട്ടമുണ്ടായിരിക്കുന്നു. അവയുടെ എല്ലാം അന്തർധാര മതതീവ്രവാദവും പുരുഷാധിപത്യ പ്രവണതയും തന്നെയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ മത തീവ്രവാദത്തിന്റെ മത്സരവേദിയായി കേരളത്തെ മാറ്റിയെടുക്കാൻ മൗലികവാദ ശക്തികൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ പ്രബുദ്ധ കേരളം ഉണർന്നെണീക്കേണ്ടിയിരിക്കുന്നു.
സുപ്രീം കോടതി വിധിയോടെ പ്രബുദ്ധ കേരളത്തിന്റെ മനഃസാക്ഷിയെ കുത്തിനോവിച്ചിരുന്ന ഒരു പ്രശ്‌നത്തിന് പരിസമാപ്തിയായി എന്നു കരുതി ആശ്വസിക്കാൻ നമുക്കാവില്ല. ഹാദിയ - ജഹാൻ ദമ്പതിമാരെ സുപ്രീം കോടതി സ്വതന്ത്രരാക്കിയിരിക്കുന്നു. 
എന്നാൽ അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു, അവസരം കിട്ടിയാൽ ആ സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്താൻ തക്കം പാർത്തിരിക്കുന്ന, സാമൂഹ്യ വിരുദ്ധ ശക്തികൾ കേരളത്തിലും രാജ്യത്തും സജീവമാണ്. കേന്ദ്ര ഭരണം കയ്യാളുന്ന തീവ്ര യാഥാസ്ഥിതിക ശക്തികൾ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് കടന്നുപോകുന്ന ഓരോ ദിവസവും നമ്മെ ഓർമിപ്പിക്കുന്നു. നിഷ്‌കളങ്കതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായ നിരവധി ഹാദിയ - ഷെഫിൻ ജഹാന്മാർ നമുക്കിടയിലുണ്ട്. അവരുടെ ജീവിക്കാനുള്ളതടക്കം മനുഷ്യാവകാശങ്ങൾ കരുതലോടെ കാത്തുസംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 

Latest News