റിയാദ്- സൗദിയിൽ പിന്തുടർച്ചാവകാശ നിയമത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. അബ്ദുൽ അസീസ് രാജാവിന്റെ മക്കളുടെ ഭരണം അവസാനിച്ച ശേഷം അതേ രാജാവിന്റെ മക്കളിൽ പെട്ടവരെ കിരീടാവകാശിയാക്കാൻ കഴിയില്ല. ഖാലിദ് ബിൻ സൽമാൻ രാജകുമാരനെയോ തന്റെ മക്കളെയോ കിരീടാവകാശിയായി നിയോഗിക്കാൻ തനിക്ക് കഴിയില്ല. പിന്തുടർച്ചാവകാശ സമിതി നിയമം അനുസരിച്ച് മറ്റൊരു കുടുംബത്തിൽ നിന്നുള്ള വ്യക്തിയെ കിരീടാവകാശിയായി തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
ഇക്കാര്യങ്ങളെല്ലാം രാജകുടുംബാംഗങ്ങൾക്കു മാത്രം അറിയാവുന്ന കാര്യങ്ങളാണ്. ഇവ വെളിപ്പെടുത്താൻ കഴിയില്ല. താനും രാജാവും പിന്തുടർച്ചാവകാശ സമിതിയിലെ 34 അംഗങ്ങളും ജീവൻ ബലിയർപ്പിച്ചാലും ഇക്കാര്യങ്ങളെ കുറിച്ച് പരസ്യമാക്കില്ല. രാജകുടുംബാംഗങ്ങൾ തെറ്റ് ചെയ്താൽ മറ്റാരെയും പോലെ അവരും ശിക്ഷിക്കപ്പെടും. തന്റെ മാതാവ് രാജകുടുംബത്തിൽ പെട്ടതല്ല. യാം ഗോത്ര പരമ്പരയിൽ പെട്ട അൽഅജ്മാൻ ഗോത്രക്കാരിയാണ് തന്റെ മാതാവ്. സൗദിയിൽ യാം ഗോത്രക്കാർ പത്തു ലക്ഷത്തോളം പേരുണ്ട്. രാജകുടുംബം മറ്റു കുടുംബങ്ങളിൽ നിന്ന് വിവാഹം ചെയ്യുന്നു. രാജകുടുംബം പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.