റഷ്യ അധിനിവേശം തുടരുന്ന ഉക്രൈനിലേക്ക് ക്രിപ്റ്റോ കറൻസി വഴി സംഭാവനകൾ ഒഴുകുന്നു. യുദ്ധം നേരിടുന്ന ഉക്രൈനിലേക്ക് അജ്ഞാത ബിറ്റ്കോയിൻ സംഭാവനകളിലൂടെ ഇതുവരെ 13.7 മില്യൺ ഡോളർ സംഭാവന ലഭിച്ചിട്ടുണ്ടെന്നാണ് ക്രിപ്റ്റോകറൻസി അനലിസ്റ്റുകൾ പറയുന്നത്.
ഉക്രേനിയൻ സർക്കാരും സന്നദ്ധ സംഘടനകളും തങ്ങളുടെ ബിറ്റ്കോയിൻ വാലറ്റ് വിലാസങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തിയാണ് പണം സ്വരൂപിക്കുന്നത്.
ഇതുവരെ 4000 ത്തിലധികം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അജ്ഞാത ദാതാവ് മൂന്ന് മില്യൺ മൂല്യമുള്ള ബിറ്റ്കോയിൻ ഒരു എൻ.ജി.ഒക്ക് സമ്മാനിച്ചതായി ബ്ലോക്ക്ചെയിൻ വിശകലന കമ്പനിയായ എലിപ്റ്റിക്കിലെ ഗവേഷകർ പറയുന്നു.
ഉക്രൈനിലെ ജനങ്ങൾക്കൊപ്പം നിൽക്കൂ, ഇപ്പോൾ ക്രിപ്റ്റോകറൻസി വഴിയും സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് ഉക്രൈൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്ററിൽ പരസ്യം പോസ്റ്റ് ചെയ്തിരുന്നു.
എട്ട് മണിക്കൂറിനുള്ളിൽ ബിറ്റ്കോയിനും ഈഥറും മറ്റു നാണയങ്ങളും വഴി 5.4 മില്യൺ ഡോളർ സമാഹരിച്ച രണ്ട് ക്രിപ്റ്റോകറൻസി വാലറ്റുകളുടെ വിലാസങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
ഉക്രൈൻ സായുധ സേനയെ സഹായിക്കുക എന്നാണ് ഉക്രേനിയൻ ഡിജിറ്റൽ മന്ത്രാലയം നൽകിയ പരസ്യങ്ങളിൽ പറയുന്നത്. എന്നാൽ പണം എങ്ങനെ ചെലവഴിക്കുമെന്ന് മന്ത്രാലയം വിശദീകരിക്കുന്നില്ല.
ചില ക്രൗഡ് ഫണ്ടിംഗ്, പേയ്മെന്റ് കമ്പനികൾ ഉക്രേനിയൻ സൈന്യത്തെ പിന്തുണക്കുന്ന ഗ്രൂപ്പുകൾക്ക് സംഭാവന നൽകാൻ വിസമ്മതിച്ചതിനാലാണ് ക്രിപ്റ്റോകറൻസികൾ ശക്തമായ ബദലായി ഉയർന്നുവന്നതെന്ന് എലിപ്റ്റിക് സ്ഥാപകൻ ടോം റോബിൻസൺ പറഞ്ഞു.
2014 മുതൽ സംഘട്ടന മേഖലകളിൽ ഉക്രേനിയൻ സേനക്കായി പണം സ്വരൂപിക്കുന്ന ഉക്രേനിയൻ എൻ.ജി.ഒ ആയ 'കം ബാക്ക് എലൈവ്' എന്നതിനായുള്ള സംഭാവന പേജ് താൽക്കാലികമായി നിർത്തിവെച്ചതായി ധനസമാഹരണ പ്ലാറ്റ്ഫോം പാട്രിയോൺ അറിയിച്ചു.
പേജ് കമ്പനിയുടെ നയങ്ങൾ ലംഘിച്ചതിനലാണ് നടപടിയെന്നും പാട്രിയോൺ വ്യക്തമാക്കിയിരുന്നു. ആയുധങ്ങൾക്കോ സൈനിക പ്രവർത്തനങ്ങൾക്കോ ധനസഹായം നൽകാൻ കമ്പനി അനുവദിക്കുന്നില്ല.
ക്രിപ്റ്റോകറൻസി ഫണ്ട് ശേഖരണം ലോകമെമ്പാടും സംഘട്ടനങ്ങളുടെ വേദിയിൽ പ്രധാന ഭാഗമായി മാറിയതാണ് ഉക്രൈനിലും കാണുന്നത്.
അതിനിടെ, ഉക്രൈനിലെ നിലവിലെ സാഹചര്യം മുതലെടുത്ത് കബളിപ്പിച്ച് പണം തട്ടുന്നവരും രംഗത്തുണ്ട്. ഒരു സന്നദ്ധ സംഘടനയുടെ ട്വീറ്റ് പകർത്തി മറ്റൊരു ബിറ്റ്കോയിൻ ഉടമയുടെ വിലാസം ചേർത്ത് സോഷ്യൽ മീഡിയ പോസ്റ്റെങ്കിലും കണ്ടെത്തിയതായി ബ്ലോക്ക്ചെയിൻ വിശകലന കമ്പനിയായ എലിപ്റ്റിക് പറയുന്നു.






