ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ വിൽപന നിർത്തിവെച്ച് ആപ്പിൾ കമ്പനി. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഐഫോണിന്റെയും മറ്റു സാങ്കേതിക ഉൽപന്നങ്ങളുടെയും റഷ്യയിലെ വിൽപന ആപ്പിൾ നിർത്തിവെച്ചത്.
വിൽപന താൽക്കാലികമായി നിർത്തുന്നതിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച തന്നെ റഷ്യയിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിയിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ആർടി ന്യൂസ്, സ്പുട്നിക് ന്യൂസ് ആപ്ലിക്കേഷനുകൾ റഷ്യക്കു പുറത്തുള്ള ആപ് സ്റ്റോറുകളിൽനിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. ഉക്രൈൻ ജനതയുടെ സുരക്ഷക്കുള്ള മുൻകരുതലെന്ന നിലയിൽ ഉക്രൈനിലെ ട്രാഫിക്കും തത്സമയ സംഭവങ്ങളും പ്രവർത്തന രഹിതമാക്കുകയും ചെയ്യുന്നു.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ അതീവ ഉൽക്കണ്ഠയുണ്ടെന്ന് ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു. ജീവകാരുണ്യ ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും അഭയാർഥി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹായം നൽകുന്നുവെന്നും കമ്പനി വ്യക്തമാക്കി.
റഷ്യയിലെ ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപന നിർത്താൻ പല കോണുകളിൽനിന്ന് സമ്മർദം ഉയർന്നിരുന്നു. ആപ്പിൾ സ്വീകരിച്ചിരിക്കുന്ന നടപടി റഷ്യൻ യുവാക്കളെ അധിനിവേശത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുമെന്ന് ഉക്രൈൻ ഉപപ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് പറഞ്ഞു. കമ്പനിയുടെ പ്രാദേശിക ആപ് സ്റ്റോർ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയിൽ ആപ് സ്റ്റോർ പൂട്ടാൻ ആപ്പിൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റഷ്യക്ക് പ്രത്യേകമായി ഒരു ഓൺലൈൻ സ്റ്റോറും രാജ്യത്തിന് അനുയോജ്യമായ ഒരു ആപ് സ്റ്റോറും കുറെ വർഷങ്ങളായി ആപ്പിൾ നടത്തിവരുന്നുണ്ട്.
ആപ്പിൾ ഒരു രാജ്യവുമായുള്ള ബന്ധം വിഛേദിക്കുന്നതും വിൽപന നിർത്തുന്നതും ഇതാദ്യമല്ല. സാമ്പത്തിക പ്രതിസന്ധിയും കറൻസിയിലെ ചാഞ്ചാട്ടവും കാരണം ആപ്പിൾ കഴിഞ്ഞ വർഷം തുർക്കിയിലെ വിൽപന കുറച്ചുകാലത്തേക്ക് നിർത്തിയിരുന്നു.
സാങ്കേതിക രംഗത്തെ ഭീമനും ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനിയുമായ ആപ്പിളിന്റെ നടപടി ഏകദേശം 145 ദശലക്ഷം ജനങ്ങളുള്ള റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
പുതിയ നീക്കത്തെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന് ആപ്പിളിന്റെ ഓഹരി വില താഴ്ന്നു. ഓഹരി വില 1.2 ശതമാനം ഇടിഞ്ഞ് 163.20 ഡോളറിലെത്തി.
കാലിഫോർണിയ ആസ്ഥാനമായുള്ള കുപെർട്ടിനോ കമ്പനി റഷ്യയിൽ ആപ്പിൾ പേ സേവനവും മറ്റു ഓൺലൈൻ ഓഫറുകളും കഴിഞ്ഞ ദിവസങ്ങളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടച്ചുപൂട്ടിയ ഓൺലൈൻ സ്റ്റോർ ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ, എയർപോഡുകൾ തുടങ്ങിയവയും മറ്റു ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് നേരിട്ട് വിറ്റിരുന്നു. റഷ്യയിൽ പുതിയ ബിസിനസ് ഓഫീസ് രജിസ്റ്റർ ചെയ്ത കമ്പനി ഈ മാസം മോസ്കോയിൽ ഏകദേശം അര ഡസനോളം തസ്തികകളിൽ ജോലിക്കാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കാനാകുമെന്ന് ഉറപ്പു നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി മറ്റൊരു പ്രമുഖ യു.എസ് ബ്രാൻഡായ നൈക്കും റഷ്യയിലെ വിൽപന നിർത്തിവെച്ചു. റഷ്യയിൽ പേഴ്സണൽ കംപ്യൂട്ടറുകളുടെ ഏറ്റവും വലിയ വിതരണക്കാരായ എച്ച്.പിയും രാജ്യത്തേക്കുള്ള കയറ്റുമതി നിർത്തി. സ്ഥിതിഗതികൾ തുടർന്നും വിലയിരുത്തുമെന്നും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സർക്കാരുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ആപ്പിൾ വ്യക്തമാക്കി. ലോകമെമ്പാടും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നവരോടൊപ്പം ചേരുകയാണെന്നും കമ്പനി പറഞ്ഞു.
ഉക്രൈനിലെ സ്ഥിതിഗതികളിൽ ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അപകടകരമായ വഴിയിൽ കഴിയുന്ന ആളുകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടുമൊപ്പം ചേരുകയും ചെയ്യുന്നുവെന്നാണ് റഷ്യയുടെ പേരെടുത്തു പറയാതെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്.






