VIDEO റഷ്യന്‍ ആക്രമണത്തിനു നടുവില്‍ കീവില്‍ കുടുങ്ങിക്കിടക്കുന്നതായി നാലംഗ ഇന്ത്യന്‍ കുടുംബം

കീവ്- റഷ്യ ആക്രമണം ശക്തമാക്കിയ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ കുടുങ്ങിക്കിടക്കുന്നതായി നാലംഗ ഇന്ത്യന്‍ കുടുംബം. ചൊവ്വാഴ്ചയോടെ കീവില്‍ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചു എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തങ്ങള്‍ ഇന്ത്യക്കാരാണെന്നും റഷ്യന്‍ ആക്രമണത്തിനു നടുവില്‍ എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങിക്കിടക്കുകയാണെന്നും അറിയിച്ച് രക്ഷപ്പെടുത്താനുള്ള അഭ്യര്‍ത്ഥനയോടെ ഇന്ത്യന്‍ ഡോക്ടറും കുടുംബവും വിഡിയോ സന്ദേശം പുറത്തു വിട്ടത്. 

ഡോ. രാജ്കുമാര്‍ സന്തലാനി, ഭാര്യ മയൂരി മോഹനന്ദനെ, മക്കളായ ഗ്യാന രാജ്, പാര്‍ത്ഥ സന്തലാനി എന്നിവരാണ് വിഡിയോയിലൂടെ ദുരവസ്ഥ വെളിപ്പെടുത്തിയത്. മകന്‍ പാര്‍ത്ഥയ്ക്ക് പനിയുണ്ടെന്നും കീവിന് പുറത്തുപോകാന്‍ കഴിയുന്നില്ലെന്നും രാജ്കുമാര്‍ പറയുന്നു. 'ഇന്ത്യന്‍ എംബസിയില്‍ നിന്ന് പലതവണ ഞങ്ങളെ ബന്ധപ്പെട്ടിരുന്നെങ്കിലും അവര്‍ക്ക് ഞങ്ങളുടെ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതു വരെ ഞങ്ങള്‍ക്ക് എംബസിയുടെ ഭാഗത്ത് നിന്ന് യാത്രാ സൗകര്യം ലഭിച്ചിട്ടില്ല. പുറത്താണെങ്കില്‍ വെടിവെപ്പ് തുടരുകയാണ്'- വിഡിയോയില്‍ ഡോ. രാജ്കുമാര്‍ പറഞ്ഞു. 

റഷ്യന്‍ അനുകൂലികള്‍ വരുമ്പോള്‍ ബാല്‍ക്കണിയില്‍ സുരക്ഷിതരായി ഇരിക്കാനാണ് അയല്‍ക്കാര്‍ പറയുന്നത്. റഷ്യക്കാരും യുക്രൈന്‍കാരും തമ്മില്‍ പോരടിക്കുകയാണ്. വെടിവെപ്പും ഇടക്ക് ബോംബ് സ്‌ഫോടനങ്ങളും നടക്കുന്നു. അവര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുമുണ്ട്. എന്റെ അയല്‍ക്കാരന്‍ ഇന്ന് കൊള്ളയടിക്കപ്പെട്ടു. ആരോ അദ്ദേഹത്തിന്റെ മൊബൈല്‍ തട്ടിക്കൊണ്ടു പോയി. കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ ഹീറ്ററുമില്ല. മകന് പനിയുണ്ട്. സാധ്യമെങ്കില്‍ ഞങ്ങളെ ഉടന്‍ ഒഴിപ്പിക്കണം. ദയവു ചെയ്ത് ഞങ്ങളെ സഹായിക്കൂ- എന്നും ഡോ. രാജ്കുമാര്‍ പറഞ്ഞു. 

കീവില്‍ ഇന്ത്യന്‍ എംബസി പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നു. താല്‍ക്കാലികമായി പടിഞ്ഞാറന്‍ യുക്രൈനിലേക്ക് മാറ്റിയിരിക്കുകയാണ്. കീവില്‍ ഇന്ത്യക്കാര്‍ ഇനി ബാക്കിയില്ലെന്ന് പ്രഖ്യാപിച്ചാണ് എംബസി നിര്‍ത്തിയത്. ഏതു വിധേനയും കീവില്‍ നിന്ന് രക്ഷപ്പെടണമെന്ന് ചൊവ്വാഴ്ചയും ഇന്ത്യ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

Latest News