ദന്തേവാഡ- വ്യാജ ഏറ്റുമുട്ടിലിന് തെളിവായി രണ്ടുവര്‍ഷത്തിലേറെയായി ആദിവാസി യുവാവിന്റെ മൃതദേഹം സൂക്ഷിച്ച് ഒരു ഗ്രാമം.
ഛത്തീസ്ഗഡിലെ ഗ്രാമത്തിലാണ് 22 വയസ്സായിരുന്നു ബദ്രു മാഡവിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ വലിയ കുഴിയില്‍ പച്ചമരുന്നുകള്‍, ഉപ്പ്, ഔഷധ എണ്ണ എന്നിവയോടൊപ്പം വെള്ളത്തണിയിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത്.
2020 മാര്‍ച്ച് 19 ന് സിആര്‍പിഎഫും ഛത്തീസ്ഗഡ് പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബദ്രു കൊല്ലപ്പെട്ടത്.
ഗംഗളൂര്‍ ഏരിയ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന മാവോസിസ്റ്റ് വിഭാഗത്തിന്റെ ചുമതലക്കാരനും സ്‌ഫോടക വസ്തുക്കളില്‍ വിദഗ്ധനുമാണെന്നാണ് ബദ്രുവിനെ കുറിച്ച് സുരക്ഷാ സേന അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 360 കിലോമീറ്റര്‍ തെക്ക് ദന്തേവാഡയിലെ ഗാംപൂര്‍ ഗ്രാമത്തിലുള്ളവര്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല. ഔദ്യോഗിക അന്വേഷണത്തില്‍ എന്നെങ്കിലും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
മൃതദേഹ ഭാഗങ്ങള്‍ നശിച്ചുപോയെങ്കിലും ഗ്രാമത്തിലെ ശ്മശാനത്തിനു സമീപമെടുത്ത കുഴിയില്‍ അത് സൂക്ഷിക്കണമെന്നു തന്നെയാണ് ഗ്രാമീണരുടെ തീരുമാനം. നാടന്‍ മദ്യം ഉണ്ടാക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന മഹുവ പൂക്കള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് തന്നോടൊപ്പമുണ്ടായിരുന്ന ബദ്രുവിനെ വെടിവെച്ചുകൊന്നതെന്ന് സഹോദരന്‍ സന്നു മാഡവി പറയുന്നു. പോലീസുകാര്‍ തന്റെ നേരെ കൂടി വന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും സന്നു പറയുന്നു.