Sorry, you need to enable JavaScript to visit this website.

സെര്‍വന്റാണ്, മാസ്റ്ററല്ല; ജേക്കബ് തോമസിന് ഹൈക്കോടതി വിമര്‍ശം

കൊച്ചി- വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. അഴിമതി വിരുദ്ധ പേരാട്ടത്തിന്റെ പേരില്‍ ഭീഷണിയുള്ളതിനാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഉപഹരജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം.
തനിക്കു മുകളിലും സംവിധാനങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നു വിലയിരുത്തിയ കോടതി ജേക്കബ് തോമസ് പബ്ലിക് സെര്‍വന്റാണെന്ന കാര്യം മറക്കരുതെന്നും നിരീക്ഷിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും ജേക്കബ് തോമസിനെ കോടതി ഓര്‍മിപ്പിച്ചു. വിജിലന്‍സ് എടുത്തിരിക്കുന്ന സുപ്രധാനമായ നിരവധി ക്രിമിനല്‍ കേസുകള്‍ ജേക്കബ് തോമസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹരജി തിങ്കളാഴ്ചത്തേക്കു മാറ്റി.

ജേക്കബ് തോമസിനു വിസില്‍ ബ്ലോവേഴ്‌സ് പ്രകാരമുള്ള സംരക്ഷണത്തിനു അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസുകളിലൊന്നും ജേക്കബ് തോമസിന് നേരിട്ട് ചുമതലയില്ലെന്നും മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥരാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭീഷണിയുണ്ടെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest News