ശിവശങ്കറിനെതിരായ വെളിപ്പെടുത്തല്‍: സ്വപ്‌നയെയും സരിത്തിനെയും എന്‍.ഐ.എ ചോദ്യം ചെയ്തു

കൊച്ചി- സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എന്‍.ഐ.എ രേഖപ്പെടുത്തി. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്തായിരുന്നു മൊഴിയെടുക്കല്‍. ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം. ശിവശങ്കറിന് അറിയാമെന്നായിരുന്നുവെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍.ഐ.എ കേസില്‍ ശിവശങ്കറിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ എം. ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം.
സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയതെന്നും ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്റെ തിരക്കഥയായിരുന്നവെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

 

 

Latest News